കൊച്ചി: പേർഷ്യൻ ജാമും ജപ്പാൻ ചമ്മന്തിപ്പൊടിയുമടക്കമുള്ള വിദേശ രുചികൾ മലയാളിയുടെ തീൻമേശയിലെത്തിക്കാൻ ജർമ്മൻകാരിയുടെ സ്റ്റാർട്ടപ്പ്. ജർമ്മനിയിലെ ന്യൂറംബെർഗ് സ്വദേശി സമീറ ഗോത്താണ് വിഷ- രാസവസ്തുരഹിത ഭക്ഷ്യോത്പന്നങ്ങൾ ഒരുക്കുന്നത്. ഭർത്താവ് ജോർജ് അഗസ്റ്റിൻ ഫോർട്ട്കൊച്ചി സ്വദേശിയാണ്. 1955ൽ സമീറ ഫോർട്ട്കൊച്ചിയിലെത്തിയപ്പോൾ പ്രണയത്തിലായ ഇരുവരും 1998ൽ വിവാഹിതരായി.
ചേർത്തല അരൂക്കുറ്റിയിൽ സ്ത്രീകൂട്ടായ്മയിലൂടെ കുടിൽവ്യവസായമെന്ന നിലയ്‌ക്കാണ് സംരംഭം. പേർഷ്യൻ റെസിപ്പിയിൽ തയ്യാറാക്കുന്ന കാരറ്റ് ജാമിൽ ജർമനിയിൽ സുലഭമായി കിട്ടുന്ന റോവൻബെറിയുടെ സത്ത് ചേർക്കും. ജർമൻ റെസിപ്പിയിലുള്ള പൈനാപ്പിൾ, മാമ്പഴ ജാമുകളും തയ്യാറാകുന്നുണ്ട്. ഞാവൽ ജാം പണിപ്പുരയിലാണ്. പ്രകൃതിദത്തമല്ലാത്ത വിനാഗരികൾക്കുപകരം, പൈനാപ്പിൾ, കുടംപുളി, ആപ്പിൾ വിനാഗരികളാണ് മറ്റൊരു ഉത്പന്നം. കേരളത്തിൽ സുലഭമായ ഇലുമ്പിക്കയിൽ നിന്ന് വിനാഗരി തയ്യാറാക്കാമെന്ന് സമീറ പറയുന്നു.
ഗൊമാസിയോ ചമ്മന്തിപ്പൊടി
എള്ള് പൊടി കല്ലുപ്പും ചേർത്ത് വഴറ്റിയെടുക്കുന്ന ജപ്പാൻ ചമ്മന്തിപ്പൊടിയാണ് ഗൊമാസിയോ. കഞ്ഞി, സൂപ്പ്, ന്യൂഡിൽസിൽ, സാലഡ് എന്നിവയ്ക്കൊപ്പം ഉപയോഗിക്കാം. ജർമൻ റെസിപ്പിയിൽ മധുരവും പുളിയും കലർന്ന നാരാങ്ങാ അച്ചാറാണ് മറ്റൊരു ഉത്പന്നം. അടുത്തഘട്ടത്തിൽ ബദാം, കശുഅണ്ടി പേസ്റ്റും പുറത്തിറക്കും. ലോട്ടസ് ലാൻഡ് ഫുഡ്സ് എന്ന ബ്രാൻഡിൽ ഓൺലൈനിലും പ്രീമിയം സ്റ്റോറുകളിലും ലഭ്യമാകും.
വിവർത്തകയായും
വിവർത്തക എന്ന നിലയിലും സമീറ പ്രശസ്തയാണ്. ജർമനിയിലെ നാരായണ വെർലാഗ് പ്രസാധകർക്കായി 12 ആയുർവേദ പുസ്തകങ്ങൾ ജർമൻ ഭാഷയിലേക്ക് മൊഴിമാറ്റി. ജർമൻ വിദ്യാർത്ഥികൾക്ക് സ്വന്തം ഭാഷയിൽ ആയുർവേദം പഠിക്കാൻ ഈ പുസ്തകങ്ങൾ മാത്രമാണ് ആശ്രയം.
'ഭർത്താവിന്റെ നാട്ടുകാർക്ക് കൃത്രിമ ചേരുവകളില്ലാത്ത ഭക്ഷ്യോത്പന്നങ്ങൾ നൽകുകയാണ് ലക്ഷ്യം".
- സമീറ ഗോത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |