തിരുവനന്തപുരം: കാൽ നൂറ്റാണ്ടിലധികം മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അതുല്യ നടി സുകുമാരിയുടെ ഓർമ്മകൾ ഇനി നിഷ് കന്യാകുമാരിയിൽ നിറയും. നൂറുൽ ഇസ്ലാം സർവകലാശാല അങ്കണത്തിൽ ഏഴ് ഏക്കറിലാണ് മ്യൂസിയം ഒരുക്കുന്നത്. ഇതിനുപുറമേ ഏരീസ് ഗ്രൂപ്പിന്റെ 120 സീറ്റിംഗ് മൾട്ടിപ്ലസ് തിയേറ്റർ, ഡബ്ബിംഗ് ആൻഡ് എഡിറ്റിംഗ് സ്യൂട്ട്, ട്യൂൺസ് ഇൻക്യുബേഷൻ സെന്റർ, വി.എഫ്.എക്സ്/ അനിമേഷൻ സ്റ്റുഡിയോ, അത്യാധുനിക പഠനമുറികൾ എന്നിവയും സജ്ജമാക്കും.
കലാരംഗത്ത് നടി സുകുമാരി നൽകിയ അതുല്യ സംഭാവനകൾക്കുള്ള ആദരമായാണ് സർവകലാശാലയുടെ ഈ ഉദ്യമം. സിനിമ, നാടകം, ടെലിവിഷൻ എന്നീ രംഗങ്ങളിൽ സുകുമാരി അവതരിപ്പിച്ച വേഷങ്ങൾ, പത്മശ്രീ ഉൾപ്പെടെയുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ, ഓർമ്മച്ചിത്രങ്ങൾ, വ്യക്തിഗത വസ്തുക്കൾ തുടങ്ങിയവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. സുകുമാരി സ്‌കൂൾ ഒഫ് മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജിയിൽ ഫിലിം മേക്കിംഗ്, അനിമേഷൻ ആൻഡ് ഡിജിറ്റൽ ഡിസൈൻ, എഡിറ്റിംഗ് ആൻഡ് സൗണ്ട് ഡിസൈൻ ആൻഡ് വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങി ബിരുദ, ബിരുദാനന്തര കോഴ്സുകൾ സർവകലാശാലയിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
നടൻ മമ്മൂട്ടി തറക്കല്ലിട്ട മ്യൂസിയത്തിന്റെ ഒന്നാംഘട്ട പ്രവർത്തനവും അത്യാധുനിക ഡബിംഗ് ആൻഡ് എഡിറ്റിംഗ് സ്യൂട്ടിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 11ന് സിനിമാതാരം സുരേഷ് കൃഷ്ണ നിർവഹിക്കും. സംവിധായകൻ സന്തോഷ് വിശ്വനാഥ്, നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്ലാം സർവകലാശാല പ്രോ ചാൻസലറുമായ എം.എസ്.ഫൈസൽ ഖാൻ, വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |