ന്യൂഡൽഹി: നേപ്പാളിന് സമാനമായി രാജ്യതലസ്ഥാനമായ ഡൽഹിയിലും ജെൻ സി പ്രക്ഷോഭമുണ്ടാകുമെന്ന് ഡൽഹി പൊലീസ്. അടിയന്തര തയാറെടുപ്പുകൾക്ക് പൊലീസ് കമ്മിഷണർ സതീഷ് ഗോൽച്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി സൂചന. പ്രക്ഷോഭമുണ്ടായാൽ നേരിടാനുള്ള സമഗ്ര പദ്ധതി തയ്യാറാക്കാൻ ഇന്റലിജൻസ് ബ്രാഞ്ച്, ഓപ്പറേഷൻസ് യൂണിറ്റ്, ഡൽഹി ആംഡ് പൊലീസ് എന്നീ മൂന്ന് യൂണിറ്റുകളെ ചുമതലപ്പെടുത്തിയെന്നും അറിയുന്നു. സ്‌പെഷ്യൽ കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ യോഗം കമ്മിഷണർ കഴിഞ്ഞദിവസം വിളിച്ചുചേർത്തിരുന്നു. ജില്ലാ പൊലീസ് യൂണിറ്റുകൾ, സൈബർ സെൽ, കേന്ദ്രസേന എന്നിവയുടെ ഏകോപനം പരമപ്രധാനമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. നേപ്പാളിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് യുവാക്കൾ പ്രക്ഷോഭം ആസൂത്രണം ചെയ്‌ത് നടപ്പാക്കിയത്. അതിനാൽ ഓൺലൈനിലുണ്ടാകുന്ന ചലനങ്ങൾ സസൂക്ഷ്‌മം നിരീക്ഷിക്കാൻ പ്രത്യേക സോഷ്യൽ മീഡിയ സംഘങ്ങളെ നിയോഗിക്കും. വ്യാജ സന്ദേശങ്ങൾ അടക്കം തടയാനാണിത്. രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളിലും ജെൻ സികൾ സംഘടിക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
റിസർവ് പൊലീസ് ഇറങ്ങും
ക്രമസമാധാനം നിലനിറുത്താൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കും. പ്രശ്‌നങ്ങളുണ്ടായാൽ ഉപയോഗിക്കേണ്ട, മാരകമല്ലാത്ത ആയുധങ്ങളുടെ കണക്കെടുക്കൽ ആരംഭിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ആയുധങ്ങൾ വാങ്ങും. പൊതുസുരക്ഷ ഉറപ്പാക്കാൻ റിസർവ് കമ്പനി പൊലീസിനെ നിയോഗിക്കുന്നതായിരിക്കും ആദ്യനടപടി.
1. അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും
2. പ്രശ‌്‌നബാധിത മേഖലകളിൽ ഡ്രോൺ നിരീക്ഷണം
3. രഹസ്യാന്വേഷണ വിവരശേഖരണം ഊർജ്ജിതമാക്കും
4. യുവാക്കളുടെ വലിയ കൂട്ടമുണ്ടായാൽ കേന്ദ്രസേനയെ നിയോഗിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |