ന്യൂഡൽഹി: പോളിംഗ് ബൂത്തുകൾക്ക് പുറത്ത് വോട്ടർമാരുടെ മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക കൗണ്ടർ ഒരുക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലവിൽ ബൂത്തുകളുടെ പരിസരത്ത് ഫോൺ വിലക്കുണ്ട്. ഒരു പോളിംഗ് ബൂത്തിൽ വോട്ടർമാരുടെ എണ്ണം 1,200 ആയി നിജപ്പെടുത്തും. തിരക്ക് കുറയ്‌ക്കാൻ റസിഡൻഷ്യൽ കോംപ്ലക്സുകളിലടക്കം അധിക ബൂത്തുകൾ സ്ഥാപിക്കും. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. ബീഹാറിലെ ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തി. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ വ്യക്തതയോടെ വലിപ്പത്തിൽ നൽകും. സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോയുമുണ്ടാകും.
വോട്ടർ സ്ളിപ്പുകളിൽ പേരും പോളിംഗ് ബൂത്ത് വിവരവും വ്യക്തമാകുന്ന രീതിയിൽ രേഖപ്പെടുത്തും. വോട്ടെടുപ്പ് ദിവസം വോട്ടർമാർക്ക് തിരിച്ചറിയൽ സ്ലിപ്പുകൾ നൽകാൻ സ്ഥാനാർത്ഥികൾക്ക് പോളിംഗ് സ്റ്റേഷനിൽ നിന്ന് 100 മീറ്ററിനപ്പുറം ബൂത്തുകൾ സ്ഥാപിക്കാം.
ബി.എൽ.ഒമാരുടെ
പ്രതിഫലം ഇരട്ടിയാക്കി
ബി.എൽ.ഒമാർ, പോളിംഗ്- കൗണ്ടിംഗ് സ്റ്റാഫ് തുടങ്ങിയവരുടെ പ്രതിഫലം ഇരട്ടിയാക്കി. അപേക്ഷിച്ച് 15 ദിവസത്തിനുള്ളിൽ വോട്ടർമാർക്ക് പുതിയ തിരിച്ചറിയൽ കാർഡ് നൽകും. ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്കും തിരിച്ചറിയൽ കാർഡുകൾ. ബി.എൽ.ഒമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശീലനം നൽകും.
പോളിംഗ് ശതമാനം
ഇ.സി.ഐ ആപ്പിൽ
പോളിംഗ് ശതമാനമടക്കമുള്ള വിവരങ്ങൾ ഇ.സി.ഐ നെറ്റ് ആപ്പിൽ ലഭ്യമാക്കും
വോട്ടിംഗ് മെഷീനിലെ വോട്ടുകളുടെ അവസാന രണ്ടു റൗണ്ടിനു മുൻപ് തപാൽ ബാലറ്റ് എണ്ണൽ പൂർത്തിയാക്കും
പോളിംഗ് സ്റ്റേഷൻ വിടുന്നതിനുമുമ്പു പ്രിസൈഡിംഗ് ഓഫീസർ രാഷ്ട്രീയകക്ഷി ഏജന്റുമാർക്കു ഫോം 17സി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം
വോട്ടിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഇൻഡക്‌സ് വോട്ടെടുപ്പിന് പിന്നാലെ പുറത്തിറക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |