കേരളത്തിൽ അഞ്ച് ദേശീയ പാതകൾ കൂടി വികസിപ്പിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്. ഏതു റോഡും കൂടുതൽ മെച്ചപ്പെടുന്നത് നിലവിലുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാക്കാനും യാത്രാക്ളേശം കുറയ്ക്കാനും ഇടയാക്കുമെന്നതിനാൽ ഈ അറിയിപ്പ് തികച്ചും സ്വാഗതാർഹമാണ്. മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌ഗരിയെ ഡൽഹിയിൽ സന്ദർശിച്ച ഘട്ടത്തിൽ കൂടുതൽ പാതകൾ ദേശീയപാതകളുടെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അതിനുള്ള വിശദമായ നിർദ്ദേശവും കേരളം സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പുതിയ ദേശീയപാതകളുടെ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്.
ദീർഘകാലമായി മലബാറിലെ ജനങ്ങളുടെ ആവശ്യമായിരുന്നു, രാമനാട്ടുകര - കോഴിക്കോട് എയർപോർട്ട് റോഡ് ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തണമെന്നത്. ഇതു കൂടാതെ കണ്ണൂർ വിമാനത്താവളം റോഡ് (ചൊവ്വ - മട്ടന്നൂർ), കൊടുങ്ങല്ലൂർ - അങ്കമാലി, വൈപ്പിൻ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നീ റോഡുകളാവും ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയരുക. കൊച്ചി - മധുര ദേശീയപാതയിൽ കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസുകൾക്കുള്ള പദ്ധതി രേഖയും ഇതിനൊപ്പം തയ്യാറാക്കും. ഇതിനായുള്ള ഏജൻസിയെ തിരഞ്ഞെടുക്കാൻ ടെൻഡർ നടപടികൾ ദേശീയപാതാ അതോറിട്ടി ആരംഭിച്ചതായാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ഏറ്റവും കൂടുതൽ ജനസാന്ദ്രതയും വാഹനങ്ങളുമുള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ ഏതു റോഡും കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്നത് നാടിന്റെ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന കാര്യമാണ്.
മുകളിൽ പറഞ്ഞ റോഡുകൾക്ക് നിലവിൽ വേണ്ടത്ര വീതി ഇല്ലാത്തതിനാൽ തിരക്കുള്ള സമയങ്ങളിൽ പല ജംഗ‌്‌ഷനുകളിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരം കൊച്ചിയാണ്. കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള റോഡുകളുടെ വീതിക്കുറവാണ് ഗതാഗതം തടസപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. അതിനാൽ കൊടുങ്ങല്ലൂർ - അങ്കമാലി റോഡ് വികസനം കൊച്ചി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് വലിയൊരു പരിധിവരെ അയവ് വരുത്തുമെന്ന് പ്രതീക്ഷിക്കാം. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്കു വരുന്ന ചരക്കുവാഹനങ്ങൾ നേരിടുന്ന തടസങ്ങൾ നീങ്ങാനും ഇത് ഉപകരിക്കും.
ഇരുപത് കിലോമീറ്റർ നീളമുള്ള വെസ്റ്റേൺ എറണാകുളം ബൈപ്പാസ് എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ - അങ്കമാലി റോഡ് നാലുവരി പാതയാക്കി ഉയർത്താനുള്ള പദ്ധതി രേഖയാണ് തയ്യാറാക്കുന്നത്. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള 643.29 കിലോമീറ്റർ നീളുന്ന ദേശീയപാത - 66ന്റെ പണി അതിവേഗം പുരോഗമിക്കുകയാണ്. എന്നാൽ തെക്കൻ റീച്ചിൽ പാതയുടെ പണികൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് പറയാതിരിക്കാനാവില്ല. ഇതുമൂലം യാത്രക്കാരും വ്യാപാര സ്ഥാപനങ്ങളും ദേശീയപാതയോരത്തെ താമസക്കാരും വർഷങ്ങളായി അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. അതിനാൽ കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി പ്രധാന ദേശീയപാതയുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ സത്വര ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |