ആലപ്പുഴ: 25 കോടിയുടെ അവകാശിയെക്കുറിച്ചുള്ള ഊഹപ്രചാരണങ്ങൾ നിലച്ചു. സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പർ ശരത്തിന്. നെട്ടൂരിലെ പെയിന്റ് ഷോറൂമിൽ ഗോഡൗൺ ഇൻചാർജ്ജാണ് ശരത്. ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി നെടുംചിറ വീട്ടിൽ ശരത്തിന് പ്രായം 38.
ജീവിതത്തിൽ ആദ്യമായാണ് ബമ്പർ ടിക്കറ്റെടുക്കുന്നത്. എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി. ലതീഷിൽ നിന്നെടുത്ത ടി എച്ച് 577825 എന്ന ടിക്കറ്റാണ് ഭാഗ്യം പ്രസാദിച്ചത്. ജോലിക്ക് പോകും വഴിയാണ് ടിക്കറ്റ് വാങ്ങിയത്. ഓണം ബമ്പർ നറുക്കെടുപ്പ് തീയതി മാറ്റി വച്ചത് അറിഞ്ഞതോടെയാണ് ടിക്കറ്റെടുക്കാൻ തീരുമാനിച്ചത്. വല്ലപ്പോഴും ചെറിയ തുകയുടെ ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നു.
നറുക്കെടുപ്പ് ദിവസം ജോലിക്കിടയിലാണ് ഫലം അറിഞ്ഞത്. ടിക്കറ്റിലെ നമ്പർ ഒത്തുനോക്കാൻ ഭാര്യ അപർണയോട് പറഞ്ഞു. സഹോദരൻ രഞ്ജിത്തിനോടും ഇക്കാര്യം പറഞ്ഞു. രണ്ടു ദിവസം ബാങ്ക് അവധിയായിരുന്നതിനാൽ ടിക്കറ്റ് വീട്ടിൽ സൂക്ഷിച്ചു. ഇന്നലെ രാവിലെ നെട്ടൂരിലെ പെയിന്റ് ഷോറൂമിൽ ജോലിക്കെത്തിയശേഷം അവധിയെടുത്ത് എസ്.ബി.ഐ തുറവൂർ ശാഖയിലെത്തി ടിക്കറ്റ് സമർപ്പിച്ചു. ബമ്പർ ഭാഗ്യശാലി താനാണെന്ന് ശരത്ത് മാദ്ധ്യമങ്ങളെയും വിളിച്ചറിയിച്ചു.
നെട്ടൂരിലെ ഏജന്റ് ലതീഷിന്റെ കൈയിൽ നിന്ന് ലോട്ടറി വാങ്ങിയ, നെട്ടൂർ സ്വദേശിനിക്കാണ് ഒന്നാം സമ്മാനമെന്നും ചന്തിരൂരിലെ ബാങ്കിൽ ലോട്ടറി ഹാജരാക്കുമെന്നും വാർത്ത പരന്നിരുന്നു. ഭാര്യ അപർണ, മകൻ ആഗ്നേയ് കൃഷ്ണ (6 മാസം) എന്നിവർക്കൊപ്പം കുടുംബ വീടിനോട് ചേർന്ന് മൂന്ന് വർഷം മുമ്പ് നിർമ്മിച്ച വീട്ടിലാണ് താമസം. പിതാവ് ശശിധരൻ നായർ, അമ്മ രാധാമണി, സഹോദരൻ രഞ്ജിത്ത് എസ്.നായർ എന്നിവർ കുടുംബ വീട്ടിലും. വീട് നിർമ്മിക്കാനെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ട്. പിതാവ് ശശിധരന് 4 വർഷം മുമ്പ് പക്ഷാഘാതം വന്നതിന്റെ ചികിത്സനടക്കുന്നുണ്ട്. ശരത്തിന്റെയും ബേക്കറി നടത്തുന്ന സഹോദരന്റെയും വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുപോരുന്നത്.
'മകൻ തന്ന ഭാഗ്യം"
എല്ലാം ഈശ്വരകടാക്ഷം. വിവാഹം കഴിഞ്ഞ് എട്ട് വർഷങ്ങൾക്കു ശേഷം പിറന്ന മകൻ ആഗ്നേയ് കൃഷ്ണന്റെ ഭാഗ്യമാണ് ബമ്പറെന്നും ശരത് പറഞ്ഞു. വീടുവയ്ക്കാനെടുത്ത വായ്പ തിരിച്ചടയ്ക്കണം. അച്ഛന് നല്ല ചികിത്സ നൽകണം. അതാണ് ശരത്തിന്റെ ആദ്യ പ്ളാൻ. പണം അക്കൗണ്ടിൽ വന്ന ശേഷം ബാക്കി പദ്ധതികൾ തീരുമാനിക്കും. ധൃതി പിടിച്ച് പദ്ധതികളൊന്നും ആസൂത്രണം ചെയ്യുന്നില്ല. പതിവ് പോലെ ജോലിക്ക് പോകുമെന്നും വല്ലപ്പോഴും ലോട്ടറി എടുക്കുമെന്നും ശരത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |