സംഭവം സുപ്രീംകോടതി സിറ്റിംഗിനിടെ
അഭിഭാഷകനെതിരെ മറ്റു നടപടികൾ
ന്യൂഡൽഹി: രാജ്യത്തിന് കളങ്കമായി സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനുനേരെ ഷൂ വലിച്ചെറിയാൻ ശ്രമം. 71 വയസുള്ള അഭിഭാഷകൻ രാകേഷ് കിഷോറാണ് ഈ നീചപ്രവൃത്തി കാട്ടിയത്. 'സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാൻ സഹിക്കില്ല" എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇതിനു മുതിർന്നത്.
രാവിലെ 11.30ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും മലയാളി ജഡ്‌ജി കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് സിറ്റിംഗ് ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് സംഭവം. കേസുകൾ വേഗത്തിൽ ലിസ്റ്റ് ചെയ്യാൻ അഭിഭാഷകർ മെൻഷനിംഗ് നടത്തുന്നതിനിടെ രാകേഷ് കിഷോർ ഡയസിനു മുന്നിലേക്ക് നീങ്ങി. ഷൂ ഊരി ചീഫ് ജസ്റ്റിസിനു നേർക്ക് എറിയാൻ ആഞ്ഞതും സുരക്ഷാജീവനക്കാർ പിടികൂടി.
വിനോദ് ചന്ദ്രനോട് മാപ്പുചോദിക്കുന്നതായും ഗവായിയെയാണ് ലക്ഷ്യമിട്ടതെന്നും അഭിഭാഷകൻ വിളിച്ചു പറഞ്ഞു.
ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ശ്രദ്ധ തിരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. കോടതി നടപടികൾ പതിവുപോലെ തുടർന്നു.
അഭിഭാഷകനെതിരെ കേസ് വേണ്ടെന്ന് ഗവായി നിലപാട് എടുത്തു. നടപടികൾ വേണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രാർ ജനറൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് വിട്ടയച്ചു. ഷൂസ് അടക്കം തിരിച്ചുകൊടുത്തു.
എന്നാൽ, ബാർ കൗൺസിൽ ഒഫ് ഇന്ത്യ അഭിഭാഷകനെ സസ്പെൻഡ് ചെയ്തു. ഇതു പിൻവലിക്കുന്നതുവരെ പ്രാക്ടീസ്ചെയ്യാൻ കഴിയില്ല. സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കാഡ് അസോസിയേഷൻ, ബാർ അസോസിയേഷൻ, ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സി.പി.എം തുടങ്ങിയ സംഘടനകൾ അപലപിച്ചു. ദളിത് കുടുംബ പശ്ചാത്തലമുള്ള ബുദ്ധമത വിശ്വാസിയാണ് ഗവായ്.
പ്രകോപിച്ചത് വിവാദ പരാമർശം
മദ്ധ്യപ്രദേശ് ഖജുരാഹോ ജാവരി ക്ഷേത്രത്തിലെ തല തകർന്ന നിലയിലുള്ള വിഷ്ണു വിഗ്രഹത്തെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരണമെന്ന ഹർജി കഴിഞ്ഞമാസം പരിഗണിക്കവെ ഗവായ് നടത്തിയ പരാമർശം വിവാദമായിരുന്നു. ഭഗവാൻ വിഷ്ണുവിന്റെ കടുത്ത വിശ്വാസിയല്ലേ? അവിടെ പോയി പ്രാർത്ഥിക്കൂ, പരാതി പറയൂവെന്നായിരുന്നു ഹർജിക്കാരനായ രാകേഷ് ദലാലിനോട് നടത്തിയ പരാമർശം. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചു. ഗവായിയുടെ പരാമർശമാണ് തന്നെ പ്രകോപിച്ചതെന്ന് അഭിഭാഷകൻ പൊലീസിന് മൊഴി നൽകിയതായാണ് സൂചന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |