സ്വർണം, ഓഹരി വിലകളിൽ കുതിപ്പ്
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവിൽ കമ്പനികളുടെ പ്രവർത്തന ഫലം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ നിക്ഷേപക താത്പര്യമേറിയതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. ബാങ്കിംഗ്, ഐ.ടി മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 583 പോയിന്റ് ഉയർന്ന് 81,790.12ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 183 പോയിന്റ് നേട്ടവുമായി 25,077.65ൽ എത്തി. ഇടത്തരം കമ്പനികളുടെ ഓഹരികളും നേട്ടമുണ്ടാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത വിൽപ്പന സമ്മർദ്ദത്തിൽ ഓഹരികളുടെ വില ന്യായമായ തലത്തിലേക്കെത്തിയതാണ് നിക്ഷേപകർക്ക് ആവേശമായത്. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.8 ശതമാനമായി ഉയരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയതും അനുകൂലമായി. ശരാശരി നാണയപ്പെരുപ്പം 2.6 ശതമാനത്തിലേക്ക് താഴുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ.നേരിയ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്നലെ വീണ്ടും വിപണിയിലേക്ക് പണമൊഴുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |