തിരുവനന്തപുരം: അപേക്ഷകളിൽ തീരുമാനമെടുക്കാൻ വൈകിയാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പിഴശിക്ഷ വിധിക്കാൻ അധികാരമുള്ള കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള നിയമനിർമ്മാണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. സർക്കാർ ഓഫീസുകളിൽ ലക്ഷക്കണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ബിൽ കൊണ്ടുവന്നത്. 2012ൽ ഇതേ ബിൽ സംസ്ഥാനത്ത് കൊണ്ടുവന്നെങ്കിലും ശിക്ഷാവ്യവസ്ഥകളില്ലാതിരുന്നതോടെ നിഷ്‌പ്രയോജനമായെന്നാണ് വിലയിരുത്തൽ.
പൊതുസേവനാവകാശ ബിൽ വരുന്നതോടെ, സർക്കാർ ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിശ്ചിത സമയത്തിനകം തീർപ്പുകൽപിക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടുതലത്തിലായി അപ്പീൽ നൽകാനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് 2000 മുതൽ 15000രൂപവരെ പിഴശിക്ഷ വിധിക്കാനും സാധിക്കും.മാത്രമല്ല, ഓരോ സേവനവും ഇത്രദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നും അത് പൊതുജനങ്ങളെ അറിയിക്കണമെന്നും വ്യവസ്ഥകൊണ്ടുവരാൻ രൂപീകരിക്കപ്പെടുന്ന കമ്മിഷന് കഴിയും.സാങ്കേതിക വിദ്യ മെച്ചപ്പെടുന്ന മുറയ്ക്ക് സമയപരിധി പരിഷ്ക്കരിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. മന്ത്രി പി.രാജീവ് അവതരിപ്പിച്ച ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |