കൊച്ചി: മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാനും മത്സ്യ സംസ്‌കരണത്തിലടക്കം പരിശീലനം നൽകാനുമായി കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) പദ്ധതികൾക്കു തുടക്കം കുറിക്കുന്നു. തൊഴിൽ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ കൂടുതൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ തുടങ്ങും. ക്ലൈമറ്റ് ആൻഡ് ഡേറ്റ സയൻസ്, ഫുഡ് സയൻസ് ആൻഡ് പ്രോസസിംഗ് തുടങ്ങിയ കോഴ്‌സുകളും ലക്ഷദ്വീപ് നോളജ് സെന്ററും പദ്ധതികളിൽ ഉൾപ്പെടുന്നു.
ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ വിവിധ മേഖലകളിൽ റാഞ്ചിംഗ് പദ്ധതി വ്യാപകമാക്കും. ആയിരക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ കടലിലും കായലിലും പൊതുജലാശയങ്ങളിലും വളർത്തി വിളവെടുക്കുന്ന പദ്ധതിയാണിത്. കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും മൂലം നശിക്കുന്ന മത്സ്യസമ്പത്ത് വീണ്ടെടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി പരിശീലനം നൽകും.
യുവാക്കൾക്ക് മത്സ്യബന്ധന- സംസ്‌കരണ മേഖലയിൽ പരിശീലനത്തിന് ചാവക്കാട്, കൊല്ലം എന്നിവിടങ്ങളിൽ ഫിഷറീസ് ആൻഡ് ഓഷ്യൻ നോളജ് സെന്ററുകൾ തുടങ്ങും. ചാവക്കാട് കേന്ദ്രം സജ്ജമായി.
അടിസ്ഥാനസൗകര്യ വികസനം, ഗവേഷണം തുടങ്ങിയവയ്‌ക്കായി പി.എം ഉഷ, യു.ജി.സി- പെയർ, പി.എം വിദ്യാലക്ഷ്മി പദ്ധതികൾക്ക് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കേരളത്തിനകത്തും പുറത്തും സാമൂഹിക, സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കാൻ അവസരമൊരുക്കും.
കുഫോസ് രൂപീകരിച്ച ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ് ഇന്റർനാഷണൽ സൊസൈറ്റിയുടെ 'ജേണൽ ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസി"ന്റെ ആദ്യ പതിപ്പിറങ്ങി. മത്സ്യ കർഷകർക്കും സംരംഭകർക്കും തൊഴിലാളികൾക്കുമായി 'നീരദം" എന്ന മലയാള പ്രസിദ്ധീകരണവും തുടങ്ങുന്നുണ്ട്.
കേരളത്തിൽ മത്സ്യ സംസ്‌കരണ മേഖലയിലടക്കം നൂതന സംരംഭങ്ങൾ വരുന്ന സാഹചര്യത്തിൽ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ കൂടുതൽ വിദ്യാഭ്യാസ- പരിശീലന പരിപാടികൾ തുടങ്ങും. സമുദ്ര വിജ്ഞാന- ഗവേഷണ രംഗങ്ങളിൽ സഹകരണം വ്യാപകമാക്കാൻ ദേശീയ, രാജ്യാന്തര സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചു.
- ഡോ. എ.ബിജുകുമാർ,
വൈസ് ചാൻസലർ, കുഫോസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |