ചെന്നൈ: കരൂരിലെ വേലുച്ചാമിപുരത്ത് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും മാപ്പു പറയാനും തെറ്റ് അംഗീകരിക്കാനുമുള്ള സമയമാണിതെന്നും നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമലഹാസൻ എം.പി. ദുരന്തമുണ്ടായ കരൂർ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും പ്രത്യേകിച്ച് സംഘാടകർക്ക് ഉത്തരവാദിത്വമുണ്ട്. ദുരന്തത്തിൽ ആരും പക്ഷം പിടിക്കരുത്. എല്ലാവരും ജനങ്ങളോടൊപ്പം നിൽക്കണമെന്ന് പറഞ്ഞ അദ്ദേഹം വിജയ്‌യെ കുറിച്ചോ ടി.വി.കെയെ കുറിച്ച് നേരിട്ടുള്ള പരാമർശങ്ങളൊന്നും നടത്തിയില്ല. എന്നാൽ 'വിജയ്ക്ക് താങ്കൾ എന്തു എന്ത് ഉപദേശമാണ് നൽകാനുള്ളത് എന്ന ചോദ്യത്തിന്. അത് അദ്ദേഹത്തിന് കോടതി നൽകുമെന്നായിരുന്നു മറുപടി.
കരൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരേയും കമലഹാസൻ സന്ദർശിച്ചു. മന്ത്രി വി. സെന്തിൽ ബാലാജിയും കമലഹാസനൊപ്പം ഉണ്ടായിരുന്നു.
'നമ്മുടെ അമ്മമാരും സഹോദരീ സഹോദരന്മാരാണ് ദുരന്തത്തിൽപെട്ടത്. അന്വേഷണം പുരോഗമിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്, ഇപ്പോൾ ഇതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല. ഈ വിഷയത്തിൽ നമുക്ക് പക്ഷം പിടിക്കരുത്. നമ്മൾ പക്ഷം പിടിക്കണമെങ്കിൽ, നമുക്ക് ജനങ്ങളുടെ പക്ഷം പിടിക്കാം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാതൃകാപരമായ നേതൃപാടവം പ്രകടിപ്പിച്ചു. അതിന് നമ്മൾ അദ്ദേഹത്തോട് നന്ദി പറയണം'- കമലഹാസൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. ദുരന്തത്തിൽ മരിച്ച ഒന്നര വയസുള്ള വിഷ്ണുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കമൽ കൾച്ചറൽ സെന്റർ നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് ഇരകളുടെ കുടുംബങ്ങൾക്ക് അദ്ദേഹം സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |