എ.ഡി.ജി.പി വെങ്കിടേഷിന് അന്വേഷണ ചുമതല
ദ്വാരപാലകശില്പത്തിൽ കാണാതായത് 1.106 കിലോ സ്വർണം
വിജിലൻസ് റിപ്പോർട്ടിൽ ദേവസ്വം ബോർഡ് പ്രതിക്കൂട്ടിൽ
കൊച്ചി: ശബരിമല ദ്വാരപാലകശില്പങ്ങളിൽ പൊതിഞ്ഞിരുന്ന ഒന്നര കിലോ സ്വർണത്തിൽ ഒരു കിലോയിൽ കൂടുതൽ കാണാതായി എന്ന പരാമർശത്തോടെ ഹൈക്കോടതി പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി.
സ്വർണം പൊതിഞ്ഞ ഒറിജിനൽ ദ്വാരപാലക ശില്പങ്ങൾ 2019ൽ സ്പോൺസർ വില്പന നടത്തിയോ എന്നുവരെ സംശയിക്കാമെന്ന് കോടതി തുറന്നടിക്കുകയും അക്കാര്യം അന്വേഷിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തത് സർക്കാരിനും ദേവസ്വംബോർഡിനും മാരക പ്രഹരമാണ്.
ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിൽ അന്ന് ദേവസ്വം തലപ്പത്തിരുന്ന പലരുടെയും പേരെടുത്ത് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇതേ തുടർന്നാണ്
അധികൃതരുടെ പങ്ക് ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കണമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി
എച്ച്. വെങ്കിടേഷിനാണ് അന്വേഷണ മേൽനോട്ടം. തൃശൂർ പൊലീസ് അക്കാഡമി അസി. ഡയറക്ടറും എസ്.പിയുമായ എസ്. ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അനീഷ്. (സി.ഐ, വാകത്താനം സ്റ്റേഷൻ), ബിജു രാധാകൃഷ്ണൻ (സി.ഐ, കയ്പമംഗലം), സുനിൽകുമാർ (ഇൻസ്പെക്ടർ, സൈബർ സ്റ്റേഷൻ, തൈക്കാട്, തിരുവനന്തപുരം) എന്നിവരും സംഘത്തിലുണ്ട്
മൂന്നു പതിറ്റാണ്ടിലെ നടപടികൾ പരിശോധിക്കാനും പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾ പ്രത്യേക സംഘത്തിന് കൈമാറാനും നിർദ്ദേശിച്ചതോടെ അന്വേഷണം കോടതി വിപുലീകരിക്കുകയുംചെയ്തു.
2019ൽ ചെന്നൈയ്‌ക്ക് കൊണ്ടുപോയ അത്രയും സ്വർണം തിരിച്ചെത്തിയില്ലെന്ന് സംശയലേശമന്യേ പറയാമെന്ന് കോടതി വിലയിരുത്തി.
പ്രാഥമികാന്വേഷണം നടത്തിയ ദേവസ്വം വിജിലൻസ് എസ്.പി സുനിൽകുമാർ തിങ്കളാഴ്ച മുദ്രവച്ച കവറിൽ നൽകിയ റിപ്പോർട്ടും നേരിട്ട് ഹാജരായി നൽകിയ വിശദീകരണവും കണക്കിലെടുത്താണ് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.അന്വേഷണ വിവരങ്ങൾ രഹസ്യമായിരിക്കണം. ഒന്നര മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം.വിജിലൻസിന്റെ അന്വേഷണം വെള്ളിയാഴ്ചയ്ക്കകം പൂർത്തിയാക്കണം. കണ്ടെത്തലുകൾ എസ്.ഐ.ടിക്ക് പ്രയോജനപ്പെടുത്താം.
ബാക്കി സ്വർണം എവിടെ?
1998-99ൽ ശ്രീകോവിലടക്കം സ്വർണം പൊതിഞ്ഞതിന്റെ തരംതിരിച്ചുള്ള വിവരങ്ങൾ സ്പോൺസറായ യുണൈറ്റഡ് ബ്രൂവറീസിന്റെ ഫിനാൻസ് മാനേജർ അയച്ച കത്തിൽ വ്യക്തമാണ്. ആകെ 30.3 കിലോ സ്വർണമാണ് അന്ന് ഉപയോഗിച്ചത്. ദ്വാരപാലക ശില്പങ്ങൾക്ക് 1.5 കിലോ വേണ്ടിവന്നു.
2019ൽ ചെന്നൈയിലെത്തിച്ച് സ്വർണം പൂശിയപ്പോൾ 394 ഗ്രാം മാത്രമാണ് ഉപയോഗിച്ചത്. കുറച്ച് സ്വർണം ബാക്കിയുണ്ടെന്നു കാണിച്ച് ഉണ്ണികൃഷ്ണൻ പോറ്റി 2019 ഡിസംബർ 9ന് അന്നത്തെ ദേവസ്വം പ്രസിഡന്റിന് കത്തയച്ചു. ബോർഡുമായി സഹകരിച്ച്, അർഹയായ ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഈ സ്വർണം ഉപയോഗിക്കുന്നതിൽ പോറ്റി അഭിപ്രായം തേടി. വിഷയത്തിൽ തിരുവാഭരണം കമ്മിഷണറുടെ മറുപടിക്കായി ദേവസ്വം സെക്രട്ടറി മറ്റൊരു കത്തയച്ചതായും കണ്ടെത്തി. ശേഷിക്കുന്ന സ്വർണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പദ്ധതിയിട്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ചെമ്പാക്കിയത് തട്ടിപ്പ്
ദേവസ്വം മാന്വൽ അടക്കം ലംഘിച്ചുകൊണ്ടുള്ള നടപടികളാണ് അധികൃതരിൽ നിന്ന് ഉണ്ടായത്. ചെമ്പുപാളികളാണ് കൊടുത്തുവിട്ടതെന്ന് മഹസറിൽ അന്ന് ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണ്. സ്വർണം പൂശാൻ ചുമതലപ്പെടുത്തിയ സ്മാർട്ട് ക്രിയേഷൻസ് 2024ൽ ദേവസ്വത്തിനയച്ച കത്തിൽ, ദ്വാരപാലക ശില്പങ്ങൾ പോറ്റിയുടെ പക്കൽ നേരിട്ട് കൊടുത്തുവിടാനാണ് പറയുന്നത്. ഇതും സംശയകരമാണ്.
സ്ട്രോംഗ് റൂം
ഇന്ന് തുറന്ന്
പരിശോധിക്കും
സ്വർണപ്പാളി വിവാദത്തിൽ അന്വേഷണം നടത്തുന്ന ദേവസ്വം വിജിലൻസ് സംഘം ഇന്ന് ശബരിമല സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കും. വിജിലൻസ് എസ്.പി ഡി. സുനിൽകുമാർ, ശബരിമല ദേവസ്വം കമ്മീഷണറുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തുന്നത്. സ്വർണപ്പാളി കടത്തുമായി ബന്ധപ്പെട്ട് ഉണ്ണികൃഷണൻ പോറ്റി കൂടുതൽ വെളിപ്പെടുത്തൽ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |