ന്യൂഡൽഹി: ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മദ്ധ്യപ്രദേശ് സർക്കാർ. സംസ്ഥാന ഫുഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ ശോഭിത് കോസ്റ്റയെ സസ്‌പെൻഡ് ചെയ്തു. ചിന്ദ്വാര ഡ്രഗ് ഇൻസ്‌പെക്ടർ ഗൗരവ് ശർമ, ജബൽപൂർ ഡ്രഗ് ഇൻസ്‌പെക്ടർ ശരദ് കുമാർ ജെയിൻ, ഡ്രഗ് കൺട്രോളർ ദിനേഷ് മൗര്യ എന്നിവരെ സ്ഥലം മാറ്റി.
കൂടുതൽ കുട്ടികൾ മരിക്കുന്നത് തടയാൻ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് വിളിച്ച ഉന്നത തല യോഗത്തിൽ തീരുമാനിച്ചു. സ്റ്റോക്കുള്ള കോൾഡ്രിഫ് സിറപ്പുകൾ പൂർണമായും പിടിച്ചെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ചിന്ദ്വാരയിൽ സമീപപ്രദേശങ്ങളിലും വീടുകളിൽ പോയി സിറപ്പുകൾ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിർദ്ദേശിച്ചു.
അതേസമയം, കോൾഡ്രിഫ് കഫ് സിറപ്പ് ഉത്തർപ്രദേശും നിരോധിച്ചു. സിറപ്പുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ സംസ്ഥാന ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് കമ്മിഷണർ നിർദ്ദേശം നൽകി. ചുമ മരുന്നുകളുടെ കയറ്റുമതിയും ഇറക്കുമതിയും വിലക്കിയിട്ടുമുണ്ട്. രാജസ്ഥാനും മദ്ധ്യപ്രദേശിനും പുറമെ കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളും കോൾഡ്രിഫ് സിറപ്പിന്റെ വിൽപന നിരോധിച്ചിരുന്നു. തമിഴ്‌നാട്ടിലെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽ നിർമ്മിച്ച സിറപ്പ് നൽകിയതിന് ശേഷമാണ് മദ്ധ്യപ്രദേശിലും രാജസ്ഥാനിലുമായി 14 കുട്ടികൾ പനിയും വൃക്ക തകരാറും കാരണം മരിച്ചത്.
അതേസമയം, മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ ചുമ മരുന്ന് കുറിച്ച സർക്കാർ ശിശുരോഗ വിദഗ്ദ്ധൻ പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. ഡോക്ടറെ മാത്രം ഉത്തരവാദിയാക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ഐ.എം.എ അറിയിച്ചു. സോണിയെ മോചിപ്പിച്ചില്ലെങ്കിൽ ഡോക്ടർമാർ സമരം തുടങ്ങുമെന്ന് ഐ.എം.എ ചിന്ദ്വാര യൂണിറ്റ് പ്രസിഡന്റ് കൽപന ശുക്ല പറഞ്ഞു. മദ്ധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച 14 കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. നാഗ്പൂരിലെ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |