മൂന്നാർ: ശാന്തമ്പാറ പഞ്ചായത്തിലെ ചൂണ്ടലിൽ കാട്ടാനയാക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ചിന്നക്കനാൽ ചൂണ്ടൽ സ്വദേശി ജോസഫാണ് (വേലുച്ചാമി- 62) പന്നിയാർ ആർ.എച്ച്.എസ് എസ്റ്റേറ്റിന് സമീപം കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 10ന് സമീപമുള്ള സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴി ജോസഫിനെ ചക്കക്കൊമ്പൻ എന്ന ഒറ്റയാനാണ് ആക്രമിച്ചത്.
ആനയെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച ജോസഫിനെ തൊട്ടടുത്തുള്ള സ്വകാര്യ എസ്റ്റേറ്റിൽ വച്ച് ചക്കക്കൊമ്പൻ അടിച്ചു വീഴ്ത്തിയ ശേഷം പല തവണ ചവിട്ടി. ജോസഫിന്റെ കൈളും കാലുകളും ഒടിഞ്ഞു നുറുങ്ങിയ അവസ്ഥയിലാണ്. ബഹളം കേട്ട് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഒടിയെത്തിയെങ്കിലും ചക്കക്കൊമ്പൻ ഇവിടെ തന്നെ നിലയുറപ്പിച്ചതിനാൽ ജോസഫിന്റെ അടുത്തേക്ക് പോകാനായില്ല. സംഭവ സമയത്ത് ഏഴ് വീതം രണ്ട് കാട്ടാനക്കൂട്ടങ്ങളാണ് പന്നിയാറിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ നിലയുറപ്പിച്ചത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇവർ പടക്കം പൊട്ടിച്ചും ബഹളം വച്ചും ചക്കക്കൊമ്പനെ തുരത്തി ഒരു മണിക്കൂറിന് ശേഷമാണ് ജോസഫിന്റെ മൃതദേഹം ഇവിടെ നിന്ന് എടുക്കാനായത്. തുടർന്ന് വനം വകുപ്പിന്റെ വാഹനത്തിൽ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പന്നിയാർ എസ്റ്റേറ്റിലെ മുൻ ജീവനക്കാരനാണ് ജോസഫ്. പന്നിയാർ തേയില എസ്റ്റേറ്റിലെ തൊഴിലാളി ജ്ഞാനമ്മാളാണ് ഭാര്യ. മക്കൾ: ഇമ്മാനുവൽ, ജാൻസി എസർ. മരുമകൾ: പവിത.
അട്ടപ്പാടിയിലും കാട്ടാന ആക്രമണം: ഒരാൾ മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. തേക്കുവെട്ട ബൊമ്മിപ്പടി രങ്കസ്വാമിയുടെ മകൻ ശാന്തകുമാർ (52) ആണ് മരിച്ചത്. പുതൂർ തേക്കുവെട്ടയിലാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാന്തകുമാരനെ കൂക്കംപാളയം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുമതി. മക്കൾ: ഇന്ദ്രജിത്ത്, രഞ്ജിനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |