ബിഗ് ബോസ് സീസൺ 7 ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥികളായ ബിന്നിയും അനുമോളും തമ്മിൽ തർക്കിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്കുവേണ്ടി പി ആർ ചെയ്യാൻ പുറത്ത് ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അനുമോൾ തന്നോട് പറഞ്ഞെന്ന് ബിന്നി പറഞ്ഞതാണ് തർക്കത്തിന് കാരണമായത്.
സ്വന്തം കഴിവുകൊണ്ട് മുന്നോട്ടുപോകുന്ന ഒരാളെയും പി ആർ കൊണ്ട് മുന്നോട്ടുപോകുന്ന ഒരാളെയും പറയണമെന്ന് മോണിംഗ് ആക്ടിവിറ്റിയുണ്ടായിരുന്നു. പി ആർ ഉണ്ടെന്ന് തോന്നിയത് അനുമോൾക്കാണെന്ന് പല മത്സരാർത്ഥികളും പറഞ്ഞിരുന്നു. എന്നാൽ ബിന്നി പറഞ്ഞതാണ് തർക്കത്തിൽ കലാശിച്ചത്.
'ഇത്തവണത്തെ ബിഗ് ബോസിൽ ഏറ്റവും ചർച്ചാവിഷയമായിട്ടുള്ള കാര്യമാണ് പി ആറിന്റേത്. ഏറ്റവും കൂടുതൽ കേട്ടിരിക്കുന്നത് അനുമോളിന്റെ പേരാണ്. അത്തരത്തിൽ കേട്ടതെല്ലാം ഞാൻ കളഞ്ഞു. ഞാൻ പറയുന്നത് അനുമോൾ എന്നോട് പറഞ്ഞതിനെക്കുറിച്ചാണ്. പി ആർ ഉണ്ടെന്നും 16 ലക്ഷമോ മറ്റോ ആണ് പി ആറിന് കൊടുക്കേണ്ടതെന്നാണ് പറഞ്ഞത്. ഗെയിമൊക്കെ വരുമ്പോൾ അത്രയും എഫർട്ട് ഇട്ട് നമ്മൾ കളിക്കുമ്പോൾ പി ആർ ഉള്ളതുകൊണ്ട് കുറച്ചുപേർ രക്ഷപ്പെടുന്നു. പി ആർ ഇല്ലെന്ന് എനിക്ക് തോന്നിയിട്ടുള്ളത് നെവിനെയാണ്.'- എന്നായിരുന്നു ബിന്നി പറഞ്ഞത്. ഇതുകേട്ട് ബാക്കി മത്സരാർത്ഥികൾ ഞെട്ടുന്നത് വീഡിയോയിൽ കാണാം.
എന്നാൽ ബിന്നിയോട് താൻ ഒരിക്കലും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അനുമോൾ പ്രതികരിച്ചു. അനുമോൾ തന്റെയടുത്ത് പറഞ്ഞതാണെന്നും ഘട്ടം ഘട്ടമായി പണം കൊടുക്കുമെന്നാണ് പറഞ്ഞതെന്നും ബിന്നി ഉറച്ചുനിൽക്കുകയായിരുന്നു
'അപ്പാനിക്ക് പി ആർ ചെയ്ത ടീം തന്നെയാണ് അനുമോൾക്ക് പി ആർ വർക്ക് ചെയ്തതെന്നാണ് പറഞ്ഞത്. അഡ്വാൻസ് അമ്പതിനായിരം കൊടുത്തു. ഷോ കഴിഞ്ഞ് ചെല്ലുമ്പോൾ ബാക്കി കൊടുക്കാമെന്ന് പറഞ്ഞെന്നാണ് അനുമോൾ എന്നോട് പറഞ്ഞത്. അനുമോൾ എന്റെയടുത്ത് നേരിട്ട് പറഞ്ഞതാണിത്. അപ്പാനി ശരത് ഔട്ടായതിന് ശേഷം കുറച്ചുദിവസം കഴിഞ്ഞപ്പോഴായിരുന്നു ഇത്. അനുമോളുടെ ബെഡിനടുത്തുനിന്ന് മൈക്ക് മാറ്റിയിട്ടാണ് അവൾ സംസാരിച്ചത്. പി ആർ കൊടുത്തിട്ടാണ് വന്നതെന്നും അപ്പാനി പോയി, ഇപ്പോൾ ടെൻഷനാകുന്നു, അതേ ആളുകൾക്കാണ് പി ആർ കൊടുത്തതെന്ന് അനുമോൾ പറഞ്ഞത്. ഇവിടെ എല്ലാവർക്കും പി ആർ ഉണ്ടെന്നും അനുമോൾ എന്നോട് പറഞ്ഞിരുന്നു.'- ബിന്നി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |