ന്യൂഡൽഹി: സുപ്രീം കോടതി മുറിയിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്‌ക്ക് നേരെ ഷൂവെറിഞ്ഞ സംഭവത്തിൽ കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. സനാതന ധർമ്മത്തിന്റെ പാദസേവകനാണ് താനെന്നും സംഭവിച്ചത് ദൈവം തന്ന നിർദ്ദേശമാണെന്നും 71കാരനായ രാകേഷ് കിഷോർ പറഞ്ഞു.' സനാതന ധർമ്മത്തിന്റെ പാദസേവകരിൽ ഒരാളാണ് ഞാൻ. കോടതി മുറിയിൽ ദൈവം എനിക്കുതന്ന നിർദ്ദേശമാണ് സംഭവിച്ചത്. ഞാനത് അനുസരിച്ചു. അതിലെനിക്ക് കുറ്റബോധം ഇല്ല.'
ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിൽ മഹാവിഷ്‌ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹർജി തള്ളിയുള്ള ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്‌യുടെ പരാമർശം തന്നെ വേദനിപ്പിച്ചെന്ന് പറഞ്ഞ രാകേഷ് കിഷോർ 'സെപ്‌തംബർ 16ന് ശേഷം എനിക്ക് ഉറങ്ങാൻ കഴിയില്ലെന്ന് ഞാൻ നേരത്തെ തീരുമാനിച്ചു. ഒരു ദിവ്യശക്തി എന്നെ ഉണർത്തി. രാഷ്‌ട്രം കത്തുകയാണ് നിങ്ങൾ ഉറങ്ങുകയാണോ എന്ന് ചോദിച്ചു' എന്നും വ്യക്തമാക്കി. എന്നാൽ വ്യക്തിപരമായി ചീഫ് ജസ്‌റ്റിസുമായി തനിക്ക് പ്രശ്‌നങ്ങളില്ലെന്നും ഭരണഘടനാ പദവിയിലിരിക്കുന്ന അദ്ദേഹത്തെ മൈ ലോർഡ് എന്ന് താൻ വിളിക്കുന്നെന്നും അതിന്റെ അർത്ഥം അദ്ദേഹം മനസ്സിലാക്കി അന്തസ് കാത്ത് സൂക്ഷിക്കണമെന്നും അഡ്വക്കേറ്റ് രാകേഷ് കിഷോർ പറഞ്ഞു.
'സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാൻ സഹിക്കില്ല' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അഡ്വക്കേറ്റ് രാകേഷ് കിഷോർ ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ 11.30ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും മലയാളി ജഡ്ജി കെ വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് സിറ്റിംഗ് ആരംഭിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. കേസുകൾ വേഗത്തിൽ ലിസ്റ്റ് ചെയ്യാൻ അഭിഭാഷകർ മെൻഷനിംഗ് നടത്തുന്നതിനിടെ രാകേഷ് കിഷോർ ഡയസിന് മുന്നിലേക്ക് നീങ്ങി. ഷൂ ഊരി ചീഫ് ജസ്റ്റിസിന് നേർക്ക് എറിയാൻ ആഞ്ഞതും സുരക്ഷാജീവനക്കാർ പിടികൂടി. വിനോദ് ചന്ദ്രനോട് മാപ്പുചോദിക്കുന്നതായും ഗവായിയെയാണ് ലക്ഷ്യമിട്ടതെന്നും അഭിഭാഷകൻ വിളിച്ചു പറഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ശ്രദ്ധ തിരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. കോടതി നടപടികൾ പതിവുപോലെ തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |