സ്‌റ്റോക്‌ഹോം : ഈ വർഷത്തെ ഭൗതികശാസ്ത്ര നോബൽ പുരസ്കാരത്തിന് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺ ക്ലാർക്ക്, മിഷെൽ എച്ച്. ഡെവോറെ, ജോൺ എം. മാർട്ടിനിസ് എന്നിവർ അർഹരായി. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ക്വാണ്ടം മെക്കാനിക്‌സിന്റെ സ്വാധീനം തെളിയിക്കുന്ന ഗവേഷണങ്ങൾക്കാണ് അംഗീകാരം. ക്വാണ്ടം ക്രിപ്റ്റോഗ്രഫി, കമ്പ്യൂട്ടറുകൾ, സെൻസറുകൾ എന്നിവയിലെ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് കണ്ടെത്തലുകൾ. പുരസ്‌കാര തുകയായ 11 മില്യൺ സ്വീഡിഷ് ക്രോണർ (10,38,50,000 രൂപയിലേറെ) മൂവരും പങ്കിടും. മാർട്ടിനിസ് ഗൂഗിളിന്റെ ക്വാണ്ടം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിന്റെ മുൻ മേധാവിയാണ്. ഫ്രഞ്ച് ഗവേഷകനായ ഡെവോറെ ഗൂഗിൾ ക്വാണ്ടം എ.ഐയിൽ ചീഫ് സയന്റിസ്റ്റ് കൂടിയാണ്.
ജോൺ ക്ലാർക്ക് (83) - യു.എസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റി ബർക്ക്‌ലീയിലെ പ്രൊഫസർ
മിഷെൽ എച്ച്. ഡെവോറെ (72) - യേൽ യൂണിവേഴ്സിറ്റി, കാലിഫോർണിയ യൂണിവേഴ്സിറ്റി സാന്താ ബാർബറ എന്നിവിടങ്ങളിൽ പ്രൊഫസർ
ജോൺ എം. മാർട്ടിനിസ് (67) - കാലിഫോർണിയ യൂണിവേഴ്സിറ്റി സാന്താ ബാർബറയിൽ പ്രൊഫസർ
പരീക്ഷണം ഇലക്ട്രിക്കൽ സർക്യൂട്ടിൽ
1. അറ്റോമിക്, സബ് അറ്റോമിക് തലങ്ങളിലെ ദ്റവ്യത്തിന്റെയും ഊർജ്ജത്തിന്റെയും സ്വഭാവം വിശദീകരിക്കുന്ന ഫിസിക്സിലെ അടിസ്ഥാന സിദ്ധാന്തമാണ് ക്വാണ്ടം മെക്കാനിക്സ്. മനുഷ്യനിർമ്മിത ഇലക്ട്രിക്കൽ സർക്യൂട്ടുകളും ക്വാണ്ടം മെക്കാനിക്കൽ നിയമങ്ങൾ അനുസരിക്കുന്നതായി മൂവരും കണ്ടെത്തി. കൈയിൽ ഒതുങ്ങുന്നത്ര വലിപ്പമുള്ള ഒരു ഇലക്ട്രിക്കൽ സർക്യൂട്ടിൽ നടത്തിയ പരീക്ഷണത്തിൽ ക്വാണ്ടം ടണലിംഗ്, എനർജി ക്വാണ്ടൈസേഷൻ തത്വങ്ങൾ പ്രകടമാക്കുന്നത് നിരീക്ഷിച്ചു.
2. ക്വാണ്ടം ടണലിംഗ് വഴി കണികയ്ക്ക് ഒരു തടസത്തിലൂടെ നേരിട്ട് കടന്നുപോകാനാകും. ധാരാളം കണികകൾ ഈ പ്രക്രിയയിൽ ഉൾപ്പെടുമ്പോൾ ക്വാണ്ടം മെക്കാനിക്കൽ ഫലങ്ങൾ സാധാരണ അപ്രസക്തമാകുന്നു. എന്നാൽ, മാക്രോസ്കോപ്പിക് തലത്തിലും (ധാരാളം കണികകൾ കടന്നുപോകുമ്പോൾ) ക്വാണ്ടം മെക്കാനിക്കൽ ഗുണങ്ങൾ ദൃശ്യമാകുമെന്ന് ഇവരുടെ പരീക്ഷണങ്ങൾ തെളിയിച്ചു. 1980കളിൽ സൂപ്പർ കണ്ടക്ടറുകൾ ഉപയോഗിച്ച് നിർമ്മിച്ച ഇലക്ട്രോണിക് സർക്യൂട്ടിലായിരുന്നു പരീക്ഷണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |