കൊച്ചി: സംസ്ഥാനത്തെ പല ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് കോളേജ് 'ഹൗസ് ഫുൾ". ഓരോ വർഷവും വിദേശികളടക്കം പ്രവേശനം നേടാൻ എത്തുന്നവരുടെ എണ്ണം കൂടുന്നു. നൃത്തവിഭാഗത്തിൽ 15 സീറ്റിലേക്ക് ഇത്തവണ ലഭിച്ചത് 150ലേറെ അപേക്ഷ. അച്ഛനമ്മമാരുടെ നിർബന്ധത്തിനു വഴങ്ങി കുട്ടികൾ ഏതെങ്കിലും കോഴ്‌സ് തെരഞ്ഞെടുക്കുന്ന സ്ഥിതി മാറിയെന്ന് പ്രിൻസിപ്പൽ പ്രൊഫ.ആർ.രാജലക്ഷ്മി പറഞ്ഞു. കലയോടുള്ള താത്പര്യം മൂലം എൻജിനിയറിംഗ് അടക്കമുള്ള പഠനം അവസാനിപ്പിച്ച് വരുന്നവരുമുണ്ട്. ഈ വർഷം അഞ്ചു ശ്രീലങ്കൻ വിദ്യാർത്ഥികൾ പ്രവേശനം നേടി. രണ്ടു മൗറീഷ്യസ് സ്വദേശികളടക്കം ഏഴ് വിദേശ വിദ്യാർത്ഥികൾ കോളേജിലുണ്ട്. ആകെ 600 കുട്ടികൾ, 110 ജീവനക്കാർ.
1942ൽ കൊച്ചി മഹാരാജാവ് കേരള വർമ്മ തമ്പുരാനാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ.വി) കോളേജ് തുടങ്ങിയത്. 1999ൽ എം.ജി സർവകലാശാലയുടെ കീഴിലായപ്പോൾ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സായി.
13 കോഴ്‌സുകൾ
വോക്കൽ,വീണ,വയലിൻ,മൃദംഗം,ഭരതനാട്യം,മോഹിനിയാട്ടം,കഥകളി വേഷം,സംഗീതം,ചെണ്ട,മദ്ദളം,പെയിന്റിംഗ്, ശില്പ നിർമാണം, അപ്ലൈഡ് ആർട്ട് എന്നിവയിൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ.
പരിമിതികൾ
വെല്ലുവിളി
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സ്ഥലപരിമിതിയുമാണ് കോളേജ് നേരിടുന്ന പ്രധാന വെല്ലുവിളി. സീറ്റുകൾ കൂട്ടാനോ, കോഴ്‌സുകൾ തുടങ്ങാനോ കഴിയുന്നില്ല
സായാഹ്ന കോഴ്‌സുകൾക്ക് സാദ്ധ്യത വലുതാണെങ്കിലും പരിമിതികളേറെ
യു.ജി.സിയുടെ കീഴിൽ വരാത്തതിനാൽ ആനുകൂല്യങ്ങളില്ല
മറ്റു രാജ്യങ്ങളിലെ കലകളെക്കുറിച്ച് ഇവിടത്തെ കുട്ടികൾക്കും നമ്മുടെ കലാപാരമ്പര്യം വിദേശികൾക്കും മനസിലാക്കാൻ കൂടുതൽ കലാവിരുന്നുകൾ സംഘടിപ്പിക്കണം. മ്യൂസിക് ബിനാലെ എന്ന ആവശ്യവും സ്വപ്നമായി തുടരുന്നു
ഹോസ്റ്റൽ സൗകര്യമില്ല. ചെറിയൊരു കഫറ്റീരിയ അല്ലാതെ കാന്റീൻ ഇല്ല.
കഴിവുള്ള ധാരാളം കുട്ടികൾ കടന്നുവരുന്നുണ്ടെങ്കിലും അവസരങ്ങളില്ല. വിദ്യാലയങ്ങളിൽ നിറുത്തലാക്കിയ സംഗീതാദ്ധ്യാപക തസ്തിക പുനഃസ്ഥാപിക്കണം. കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയാൻ ഇതു സഹായകമാകും. കലാപഠനത്തോടൊപ്പം യോഗയിലും പരിശീലനം നൽകണം.
പ്രൊഫ.ആർ.രാജലക്ഷ്മി, പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |