കൊച്ചി: അനുകൂലഘടകങ്ങളെ കൂട്ടുപിടിച്ച് സ്വർണവില റെക്കാർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നു. ഇന്നലെ ഒറ്റദിവസം രണ്ടുതവണയാണ് കേരളത്തിൽ വില വർദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 4000 ഡോളർ കടന്നപ്പോൾ തന്നെ കേരളത്തിൽ സർവ്വകാല റെക്കാർഡായ 90,000 രൂപ കടന്നു. ഗ്രാമിന് 105 രൂപ കൂടി 11, 290 രൂപയും പവന് 840 രൂപ വർദ്ധിച്ച് 90,320 രൂപയുമായിരുന്നു രാവിലെ വില. എന്നാൽ, ഉച്ച കഴിഞ്ഞപ്പോൾ ആഗോള വിപണിയിൽ സ്വർണത്തിന് 4038 ഡോളറായി. കേരളത്തിൽ ഗ്രാമിന് വീണ്ടും 70 രൂപ കൂടി 11360 രൂപയും പവന് 560 രൂപ കൂടി 90880 രൂപയുമായി. ജി.എസ്.ടി, പണിക്കൂലി എല്ലാം കണക്കാക്കിയാൽ ഒരു പവൻ സ്വർണ്ണാഭരണം സ്വന്തമാക്കണമെങ്കിൽ ഒരു ലക്ഷം രൂപയോളം നൽകേണ്ടി വരും.
സുരക്ഷിത നിക്ഷേപം
ആഗോളതലത്തിൽ സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നതാണ് സ്വർണ്ണവില കടിഞ്ഞാണില്ലാതെ പായുന്നതിന്റെ പ്രധാന കാരണം. അമേരിക്കയിലെ ഷട്ട്‌ഡൗൺ രണ്ടാം ആഴ്ചയിലേക്ക് കടന്നത് നിക്ഷേപകരിൽ ആശങ്കയുണർത്തുന്നുണ്ട്. ഫെഡറൽ പലിശ നിരക്ക് ഈ മാസം കാൽശതമാനം കുറയാനും സാദ്ധ്യതയുണ്ട്. ഇതെല്ലാം സ്വർണ്ണത്തിന് അനുകൂല ഘടകങ്ങളാണ്.
അന്താരാഷ്ട്ര വിപണിയിൽ വലിയ അനിശ്ചിതത്വങ്ങളുണ്ടാകുമ്പോഴും ആഗോള സാമ്പത്തിക മേഖലയിൽ കനത്ത ഇടിവുണ്ടാകുമ്പോഴും സ്വർണ്ണത്തിന് വലിയ ചാഞ്ചാട്ടമില്ലാതെ തുടരുകയോ വില ഉയരുകയോ ആണ് ചെയ്യാറുള്ളത്. ഇത് സ്വർണ്ണം സുരക്ഷിത നിക്ഷേപമാണെന്ന വിശ്വാസം നിക്ഷേപകരിൽ അടിയുറച്ചതാക്കി.
അതേസമയം, ഡോളറിൽ ആശ്രയിക്കാതിരിക്കാൻ സെൻട്രൽ ബാങ്കുകൾ സ്വർണ്ണം വാങ്ങിക്കൂട്ടിയതാണ് നിലവിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചതെന്നും ഈ രംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. പോളണ്ട്, തുർക്കി, ഇന്ത്യ, അസർബൈജാൻ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും കഴിഞ്ഞ 3 വർഷങ്ങൾക്കിടെ ഏറ്റവും കൂടുതൽ സ്വർണ്ണം വാങ്ങിയത്.
സാധാരണക്കാരന്റെ കൈവശമുള്ള സ്വർണ്ണത്തിനും വില വർദ്ധിക്കുകയാണ്. വാങ്ങുന്ന തൂക്കത്തിന്റെ തോതിൽ കുറവ് വന്നു എന്ന് മാത്രമേയുള്ളൂ. വിവാഹ പാർട്ടികൾ കഴിഞ്ഞവർഷം 10 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത് എങ്കിൽ ഈ വർഷവും 10 ലക്ഷം രൂപയ്ക്ക് തന്നെ വാങ്ങും. കഴിഞ്ഞവർഷം പത്ത് പവൻ കിട്ടിയിട്ടുണ്ടെങ്കിൽ ഇത്തവണ എട്ടുവരെ കിട്ടും.
അഡ്വ. അബ്ദുൾ നാസർ
സംസ്ഥാന ജന. സെക്രട്ടറി
ഗോൾഡ് ആൻഡ് സിൽവർ
മർച്ചന്റ്സ് അസോസിയേഷൻ
അന്താരാഷ്ട്ര സ്വർണവില
2008ൽ - 1000 ഡോളർ
2011ൽ - 2000 ഡോളർ
2021ൽ - 3000 ഡോളർ
2025ൽ - 4000 ഡോളർ
2000 ടൺ- കേരളത്തിലെ ആളുകളുടെ കൈവശമുള്ള സ്വർണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |