സ്റ്റോക്ഹോം: ഈ വർഷത്തെ കെമിസ്ട്രി നോബൽ പുരസ്‌കാരത്തിന് സുസുമു കിറ്റാഗാവ (ജപ്പാൻ), റിച്ചാർഡ് റോബ്‌സൺ (ഓസ്‌ട്രേലിയ), ഒമർ എം. യാഗി (യു.എസ്) എന്നിവർ അർഹരായി. മെറ്റൽ - ഓർഗാനിക് ഫ്രെയിംവർക്കിന്റെ (എം.ഒ.എഫ്) വികസനത്തിനാണ് അംഗീകാരം.
തന്മാത്രാ വാസ്‌തുവിദ്യയിലെ നൂതന ഘടനയാണ് എം.ഒ.എഫുകൾ. ലോഹ അയോണുകളോ ക്ലസ്‌റ്ററുകളോ ജൈവ തന്മാത്രകളുമായി ബന്ധിപ്പിച്ച് നിർമ്മിച്ച വലിയ അറകളോട് കൂടിയ, ക്രിസ്റ്റൽ രൂപത്തിലെ പദാർത്ഥമാണ് ഇത്.
തുറന്ന ഇടങ്ങളോ അറകളോ ഉള്ള, ഉറപ്പുള്ളതും വല പോലെയുള്ളതുമായ ചട്ടക്കൂട് പോലെയുള്ള പ്രത്യേക ഘടനയാണ് എം.ഒ.എഫുകളുടെ സവിശേഷത. പുരസ്‌കാര തുകയായ 11 മില്യൺ സ്വീഡിഷ് ക്രോണർ (10,38,50,000 രൂപയിലേറെ) മൂവരും പങ്കിടും. റോബ്‌സണിന്റെ സ്വദേശം ബ്രിട്ടണും യാഗിയുടേത് ജോർദ്ദാനുമാണ്.
സുസുമു കിറ്റാഗാവ (74) - ക്യോട്ടോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ
റിച്ചാർഡ് റോബ്‌സൺ (88) - മെൽബൺ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ
ഒമർ എം. യാഗി (60) - കാലിഫോർണിയ യൂണിവേഴ്സിറ്റി ബർക്ക്‌ലീയിൽ പ്രൊഫസർ
# മരുഭൂമിയിലെ വായുവിൽ നിന്ന് വെള്ളം !
1. എം.ഒ.എഫിൽ, ലോഹ അയോണുകൾ ആധാരശിലകളെ പോലെ പ്രവർത്തിക്കുന്നു. ഇവയെ നീളമുള്ള കാർബൺ അധിഷ്‌ഠിത ജൈവ തന്മാത്രകളുമായി (ഓർഗാനിക് ലിങ്കർ) ബന്ധിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ചേർന്ന് വലിയ അറകളുള്ള/സുഷിരങ്ങളുള്ള ക്രിസ്റ്റലുകൾ ഉണ്ടാകുന്നു
2. എം.ഒ.എഫുകൾക്ക് വാതകം, രാസവസ്തുക്കൾ എന്നിവയെ കടത്തിവിടാനോ സംഭരിക്കാനോ കഴിയും. വൈദ്യുതിയും കടത്തിവിടും. 1989ൽ റോബ്‌സൺ ഗവേഷണങ്ങൾക്ക് തുടക്കമിട്ടു. 1992നും 2003നും ഇടയിലായി സുസുമുവും യാഗിയും വിപ്ലവകരമായ കണ്ടെത്തലുകൾ നടത്തി
3. മനുഷ്യ നിർമ്മിത കെമിക്കലുകളെ വെള്ളത്തിൽ നിന്ന് വേർതിരിക്കാനും കാർബൺ ഡൈ ഓക്‌സൈഡിനെയും മറ്റ് വാതകങ്ങളെയും പിടിച്ചെടുക്കാനും മരുഭൂമിയിലെ വായുവിൽ നിന്ന് വെള്ളം ഉത്പാദിപ്പിക്കാനുമൊക്കെ എം.ഒ.എഫുകളെ ഉപയോഗിക്കാമെന്ന് തെളിഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |