തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമം പാസാക്കിയ സംസ്ഥാനത്ത്, ആരോഗ്യപ്രവർത്തകരുടെ ജീവന് പുല്ലുവിലയോ? അഞ്ചുവർഷത്തിനിടെ 74പേരാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മർദ്ദനത്തിനിരയായത്. കേരളത്തിന്റെ തീരാ നൊമ്പരമായിമാറിയ ഡോ. വന്ദനാദാസിന്റെ വേർപാടും ഇക്കാലയളവിലാണ്. ആ ദാരുണ സംഭവത്തിനുശേഷവും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയൊരുക്കാൻ കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. ഡോക്ടർമാർ, ഹൗസ് സർജൻ, സൂപ്രണ്ട്, നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ്, ഫാർസിസ്റ്റ്, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിങ്ങനെ പല തസ്തികകളിലുള്ളവരാണ് ആക്രമണത്തിനിരയായത്.
അഞ്ചുവർഷത്തിനിടെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് 2023ലാണ്. 23 കേസുകൾ. ആ വർഷം മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തെങ്കിലും മറ്റു നടപടികളുണ്ടായില്ല. സർക്കാർ ആശുപത്രികളിലെ സുരക്ഷയ്ക്കായി 224 പേരുടെ സ്ഥിരം ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി 2023 ജൂണിൽ ശുപാർശ നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ആഭ്യന്തര വകുപ്പ് വെട്ടി.
അഞ്ചുവർഷത്തിനിടെയുണ്ടായ അക്രമങ്ങൾ
2021................20
2022.................9
2023................23
2024...............15
2025..............7(ഈവർഷം ഇതുവരെ)
ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങൾ
1.ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കുക
2.ട്രയാജ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കണം
3.അത്യാഹിത വിഭാഗങ്ങളിൽ ഓരോ ഷിഫ്റ്റിഫിലും രണ്ട് ഡോക്ടർമാരെ നിയോഗിക്കുക
4.പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കണം
5.വലിയ ആശുപത്രികളിലെ സുരക്ഷയ്ക്കായി എസ്.ഐ.എസ്.എഫിനെ നിയോഗിക്കുക
6.എല്ലാ ആശുപത്രികളിലും സി.സി ടിവി സ്ഥാപിക്കുക
7.സെക്യൂരിറ്റി ജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കണം.
ആരോഗ്യപ്രവർത്തകർ ഭയപ്പെട്ട് ജോലിചെയ്യുന്നത് ചികിത്സയെ ബാധിക്കും. ലഹരിക്ക് അടിമപ്പെട്ടോ വൈകാരികമായ പ്രതികരണത്തിന്റെ ഭാഗമായോ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ മർദ്ദിക്കുന്നത് സാക്ഷര കേരളത്തിന് ചേർന്നതല്ല.
-ഡോ.എം.എൻ.മേനോൻ,
സംസ്ഥാന പ്രസിഡന്റ്, ഐ.എം.എ (ഇലക്ട്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |