തിരുവനന്തപുരം:കാട്ടുപന്നിയെ കൊല്ലാൻ കേന്ദ്രാനുമതി വേണമെന്ന കേന്ദ്ര നിയമത്തിൽ മാറ്റം വരുത്തി സംസ്ഥാന ഭേദഗതി നിയമം പാസാക്കി നിയമസഭ.ശബരിമല വിഷയത്തിൽ കലഹിച്ച് പ്രതിപക്ഷം ബഹിഷ്ക്കരിച്ച സഭയിൽ ഭരണപക്ഷാംഗങ്ങൾ മാത്രം ചർച്ച ചെയ്താണ് നിയമം പാസാക്കിയത്. ഇത് രാഷ്ട്രപതി ഒപ്പു വച്ചാലേ നടപ്പാക്കാൻ കഴിയൂ
വനം മന്ത്രി എ.കെ.ശശീന്ദ്രനാണ് ബിൽ അവതരിപ്പിച്ചത്.കാട്ടുപന്നി മനുഷ്യർക്ക് ശല്യമുണ്ടാക്കുമ്പോൾ നിലവിൽ സംസ്ഥാനത്തിന് ഇടപെടാനാകില്ല.1972ലെ കേന്ദ്ര വന്യജീവിനിയമത്തിലെ വ്യവസ്ഥകളാണ് അതിന് തടസ്സം.അത് മാറ്റാനുള്ള നിയമഭേദഗതിയാണ് സംസ്ഥാനം കൊണ്ടുവരുന്നത്.
ജനവാസമേഖലകളിലും കൃഷിസ്ഥലങ്ങളിലും ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന ബില്ലാണിത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര വന്യജീവി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്.വന്യജീവി ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്ക് പറ്റിയാൽ ബന്ധപ്പെട്ട ജില്ലാകളക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ അക്കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് ചെയ്താൽ അദ്ദേഹത്തിന് വന്യമൃഗത്തെ കൊല്ലുന്നതിന് ഉത്തരവിടാം.പട്ടിക രണ്ടിൽ ഉൾപ്പെട്ട കാട്ടുപന്നികൾ,പുള്ളിമാനുകൾ തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചാൽ അവയുടെ ജനന നിയന്ത്രണത്തിനും, മറ്റ് സ്ഥലങ്ങളിലേക്ക് നാടു കടത്താനും പുതിയ നിയമത്തിലൂടെ സംസ്ഥാനത്തിന് അധികാരം കിട്ടും.കേന്ദ്രാനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കി.ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ അത്തരം വന്യജീവിയെ ആർക്ക് വേണമെങ്കിലും ഏതു വിധത്തിലും കൊല്ലാം. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസ്സമില്ല
സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വിൽപന നടത്തുന്നതിനുള്ള വ്യവസ്ഥകളുൾപ്പെടുത്തിയുള്ള വനഭേദഗതി ബില്ലും നിയമസഭ ഇന്നലെ പാസാക്കി.വിൽപ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കർഷകന് കിട്ടും.നിലവിലുള്ള നിയമ പ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതി.
.പുതിയ നിയമത്തിൽ വാച്ചർമാരുടെ പേര് ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റെന്ന് മാറ്റം വരുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |