ടെൽ അവീവ്: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ ഊർജ്ജിതമായി തുടരവെ, മുൻ മേധാവി യഹ്യാ സിൻവാറിന്റെയും സഹോദരൻ മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ വിട്ടുനൽകണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങളാണ് യഹ്യയും മുഹമ്മദും. യഹ്യയെ കഴിഞ്ഞ വർഷം ഒക്ടോബറിലും മുഹമ്മദിനെ ഇക്കഴിഞ്ഞ മേയിലുമാണ് ഇസ്രയേൽ വധിച്ചത്. മർവാൻ ബർഗൗട്ടി, അബ്ബാസ് അൽ സായിദ് തുടങ്ങിയ പ്രമുഖ പാലസ്തീനിയൻ നേതാക്കളെ ഇസ്രയേൽ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച 20 ഇന സമാധാന പദ്ധതി പ്രകാരം, വെടിനിറുത്തലിനൊപ്പം കൈമാറ്റം ചെയ്യേണ്ട ബന്ദികളുടെയും പാലസ്തീൻ തടവുകാരുടെയും പേരുകൾ ഹമാസ് മദ്ധ്യസ്ഥ രാജ്യങ്ങൾ വഴി ഇസ്രയേലിന് കൈമാറി. 2,000ത്തോളം തടവുകാരെയാണ് ഇസ്രയേൽ വിട്ടയക്കുക. തിങ്കളാഴ്ചയാണ് ഷാം അൽ-ഷെയ്ഖിൽ ഖത്തർ, ഈജിപ്‌റ്റ്, യു.എസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ച തുടങ്ങിയത്.
# ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ്
ആയുധം ഉപേക്ഷിക്കണമെന്ന വ്യവസ്ഥ ചർച്ച ചെയ്യാൻ ഹമാസ് തയ്യാറാകുന്നില്ലെന്ന് വിവരം. പാലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ ആയുധം ഉപേക്ഷിക്കില്ലെന്നാണ് അവരുടെ നിലപാട്
വെടിനിറുത്തലും ബന്ദികളുടെ മോചനവും നടപ്പായാലും ഇസ്രയേലിന്റെ സൈനിക പിന്മാറ്റം അടക്കം ഗാസയുടെ ഭാവി കാര്യങ്ങളെ ഇതു ബാധിക്കും
വെടിനിറുത്തലും ബന്ദി മോചനവും അടങ്ങുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം എത്രയും വേഗം നടപ്പാക്കാൻ മരുമകൻ ജറേഡ് കുഷ്‌നറിനും മിഡിൽ ഈസ്റ്റ് ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫിനും ട്രംപ് നിർദ്ദേശം നൽകി. ഇരുവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയും ഇസ്രയേൽ സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമറും ഇന്നലത്തെ ചർച്ചയിൽ പങ്കെടുത്തു
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യൂറോപ്യൻ, അറബ് മന്ത്രിമാരും യുദ്ധാനന്തര ഗാസയിലെ ഭരണകൈമാറ്റം സംബന്ധിച്ച് ഇന്ന് പാരീസിൽ ചർച്ച നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |