വിഷയം ഇക്കുറി വ്യത്യസ്തം. വിവരസാങ്കേതിക വിദ്യയെക്കുറിച്ച് വിവരം പരിമിതമെങ്കിലും ആ രംഗത്ത് ഒരു ഇന്ത്യാക്കാരൻ നേതൃത്വം കൊടുക്കുന്ന വിപ്ലവത്തെപ്പറ്റി എഴുതാതെ വയ്യ. ഏതൊരു ഭാരതീയന്റെയും അന്തരംഗം അഭിമാന പൂരിതമാവും, ശ്രീധർ വെമ്പുവിന്റെ വീരഗാഥ കേട്ടാൽ. ഇന്ത്യൻ ഐ.ടി രംഗത്തെയാകെ ആ ഗാഥ ആവേശം കൊള്ളിക്കുകയാണ്.
ശ്രീധർ വെമ്പു തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് തെങ്കാശിയിലാണ് വളർന്നത്. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് ബി.ടെക് ബിരുദവും, തുടർന്ന് അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡിയും നേടിയ വെമ്പു, വിവരസാങ്കേതിക വിദഗ്ദ്ധരുടെ പറുദീസയായ അമേരിക്കയിലെ സിലിക്കോൺ വാലിയിൽ എത്തി. വളർച്ചയുടെ പടവുകൾ വീണ്ടും കയറിയ വെമ്പുവിനെ ബഹുരാഷ്ട്ര ഭീമന്മാർ അവസരങ്ങളുമായി മാടി വിളിക്കുകയായിരുന്നു. പക്ഷെ, അദ്ദേഹം സ്വന്തം ഗ്രാമത്തിൽ, തെങ്കാശിയിൽ മടങ്ങിയെത്തി, താൻ ആർജ്ജിച്ച വൈദഗ്ദ്ധ്യം നാടിനും നാട്ടാർക്കും വേണ്ടി വിനിയോഗിക്കുന്നതിലാണ് ആനന്ദം കണ്ടെത്തിയതും അഭിമാനംകൊണ്ടതും.
കവിയുടെ വരികൾ കടമെടുത്താൽ, "അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നിനി ഏതു സ്വർഗം വിളിച്ചാലും" എന്നതായി ശ്രീധർ വെമ്പുവിന്റെ നിലപാട്. ആ നിലപാടിൽ തുടങ്ങുന്നു, ആഗോള ഭീമൻ 'വാട്ട്സാപ്പി"നെ വെല്ലുവിളിച്ചു കൊണ്ടുള്ള 'അറട്ടൈ" എന്ന സാഹസിക സംരംഭത്തിന്റെ കഥ. രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന ചരിത്രമുണ്ട്
'അറട്ടൈ"യ്ക്കു പിന്നിൽ. പൊടുന്നനെ പൊട്ടിമുളച്ചതല്ല അതെന്ന് അർത്ഥം. ശ്രീധർ വെമ്പു അമരക്കാരനായുള്ള 'സോഹോ' എന്ന കമ്പനിയുടേതാണ് 'അറട്ടൈ." ചെന്നൈ ആസ്ഥാനമായുള്ള 'സോഹോ"യുടെ പൂർവജന്മം 'അഡ്വന്റ് നെറ്റ്" എന്ന പേരിൽ, രണ്ടായിരാമാണ്ട് ആരംഭത്തിൽ. ഇരുപത്തിയൊന്നു വർഷത്തിനുള്ളിൽ 'അറട്ടൈ" ആവിർഭവിച്ചത് യാദൃച്ഛികമായിരുന്നില്ല. ശ്രീധർ വെമ്പുവിന്റെ നേതൃത്വത്തിൽ മൂവായിരത്തോളം വിവരസാങ്കേതിക വിദ്യാർത്ഥികളുടെ സമർപ്പിത ശ്രമത്തിന്റെ ഫലം.
പക്ഷെ 'അറട്ടൈ" ശ്രദ്ധിക്കപ്പെട്ടതും, അതിന്റെ വളർച്ച കുതിച്ചുയർന്നതും പെട്ടെന്നായിരുന്നു. അതിൽ പൊതുവെ കേന്ദ്ര സർക്കാരും, പ്രത്യേകിച്ച് ഏതാനും കേന്ദ്ര മന്ത്രിമാരും പരോക്ഷമായി വഹിച്ച പങ്ക് വലുതാണ്. പരസ്യമായി അവർ 'അറട്ടൈ"യെ പ്രോത്സാഹിപ്പിച്ചു. 'ആത്മനിർഭരത"യുടെ ഭാഗമായി വിവരസാങ്കേതിക മേഖലയുടെ സ്വദേശിവൽക്കരണം എന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത പരിപാടി തന്നെയാണ് അതിന് പ്രേരണ. നാലു വർഷംമുമ്പ് ആരംഭിച്ച 'അറട്ടൈ"യുടെ ഉപയോഗം, കഴിഞ്ഞ രണ്ടുമാസങ്ങളായി മാത്രമാണ് കുതിച്ചുയർന്നത്. പ്രതിദിന ഉപയോഗം മൂവായിരം ആയിരുന്നത് ഏതാനും ദിവസങ്ങൾകൊണ്ട് മൂന്നര ലക്ഷത്തിലേക്കാണ് കുതിച്ചത്. മൊബൈൽ ആപ്പുകളെ നിരീക്ഷിച്ചു വരുന്ന 'സെൻസർ ടൗവർ" കണക്കാക്കുന്നത് 'അറട്ടൈ" സെപ്തംബർ 25-നു ശേഷം ദിവസേന ഒരു ലക്ഷത്തോളം 'ഡൗൺലോഡ്" ചെയ്യപ്പെടുന്നു എന്നാണ്. നേരത്തെ ഇത് ദിവസേന മൂന്നൂറു മാത്രം ആയിരുന്നത്രെ. ഇങ്ങനെ നൂറു മടങ്ങ് വർദ്ധന നേടിയതോടെയാണ് 'അറട്ടൈ" എന്ന ഇന്ത്യൻ നിർമ്മിത 'മെസേജിംഗ് ആപ്" ആഗോള കുത്തകയായ 'വാട്സാപ്പി"ന് വെല്ലുവിളിയെന്ന് വിശേഷിപ്പിക്കപ്പെടാൻ തുടങ്ങിയത്.
'അറട്ടൈ" എന്ന തമിഴ് വാക്ക് ഇതര ഭാഷകൾ സംസാരിക്കുന്നവർക്ക് അത്ര ആകർഷകമാവണം എന്നില്ല. എന്നാൽ എത്രയോ ചൈനീസ്, ജാപ്പനീസ് ഉത്പന്ന പേരുകൾ ഇന്ന് ഇന്ത്യയിൽ വമ്പിച്ച പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. ആ നിലയ്ക്ക് 'അറട്ടൈ" അപരിചിതമോ ആരോചകമോ ആകേണ്ടതില്ല. 'അറട്ടൈ" എന്ന തമിഴ് പദത്തിന്റെ
അർത്ഥം കൊച്ചുവർത്തമാനം എന്നാണ്- ഇംഗ്ലീഷിൽ 'ചാറ്റ് ' എന്നതിന് സാമാനം. ഈ തമിഴ് പേര് സ്വീകരിച്ചതും സാഹസികവും സ്വാഗതാർഹവുമാണ്.
തികച്ചും വ്യക്തിപരമായുള്ള വിവരങ്ങൾ വാണിജ്യവൽക്കരിക്കില്ല എന്നതാണ് 'അറട്ടൈ"യെ 'വാട്ട്സാപ്പി"ൽ നിന്ന് വ്യത്യസ്തമാക്കുന്നതും, അതിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതും. സ്വകാര്യതയെപ്പറ്റിയുള്ള സംശയങ്ങളും അവയിൽ നിന്ന് ഉടലെടുക്കുന്ന ആശങ്കയും, അതിനു പുറമേ സാങ്കേതിക മേഖലയിലെ പരമാധികാരം എന്ന ലക്ഷ്യവും ഇന്ത്യൻ നിർമ്മിത 'അറട്ടൈ"യെ കൂടുതൽ ആകർഷകവും സുരക്ഷിതവും സ്വീകാര്യവുമാക്കി മാറ്റുന്നു.
ഇതൊക്കെയാണെങ്കിലും ' വാട്സാപ്പ് " ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായാണ് അനുഭവപ്പെടുന്നത്. അഞ്ഞൂറ് ദശലക്ഷം ഇന്ത്യക്കാർ ഇപ്പോൾ വാട്സാപ്പ്" ഉപയോഗിക്കുന്നവരാണ് എന്ന വസ്തുത അവഗണിക്കാനുമാവില്ല. ഹൈക്ക്, വി ചാറ്റ് , ടെലിഗ്രാം തുടങ്ങിയവ ഉയർത്തിയ ഭീഷണി തരണംചെയ്ത ' വാട്സാപ്പി"നെയാണ് നമ്മുടെ 'അറട്ടൈ" ഇപ്പോൾ വെല്ലുവിളിക്കുന്നത്. ഡിജിറ്റൽ രംഗത്തെ ഇന്ത്യൻ അനുഭവം നമുക്ക് ആത്മവിശ്വാസം തരുന്നതാണ്. പത്തു വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ആശയങ്ങൾ പങ്കുവച്ചപ്പോൾ, അവയെ കളിയാക്കി ചിരിച്ചവരുണ്ട്. മത്സ്യം വിൽക്കുന്നവരും തട്ടുകടക്കാരും ഡിജിറ്റൽ ഇടപാടിന് പ്രാപ്തരാവില്ലെന്നും അതൊക്കെ നടക്കാത്ത സ്വപ്‌നങ്ങളാണെന്നും 'സംശയാലുക്കളായ തോമമാർ" ആവർത്തിച്ച് അപഹസിച്ചുകൊണ്ടിരുന്നു. ഇന്ന് ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവം വികസിത രാഷ്ട്രങ്ങൾ അത്ഭുതത്തോടെ നോക്കിയിരിക്കുന്നു. എന്നാൽ ഇനിയുമുണ്ട്, നമുക്ക് കാതങ്ങൾ പിന്നിടാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |