കലയുടെ ശക്തി കാണിച്ചുതരുന്ന എഴുത്ത്
ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്നഹോർകൈ 2025-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് സാഹിത്യലോകം പ്രതീക്ഷിച്ച അംഗീകാരം തന്നെയാണ്. പല മികച്ച വായനക്കാരുടെയും പ്രവചനങ്ങളിൽ ഇദ്ദേഹത്തിന്റെയും പേരുണ്ടായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി സാഹിത്യ നോബലിന് സാദ്ധ്യതയുള്ള ഒരാളായി ക്രാസ്നഹോർകൈയുടെ പേര് കേട്ടിരുന്നു. ഏതായാലും ഗൗരവമായ സാഹിത്യമെഴുത്തിനുള്ള വലിയൊരു അംഗീകാരം കൂടിയാണിത്.
ധീരവും സങ്കീർണവുമായ, വേറിട്ടൊരു സൗന്ദര്യ ഭാവനയുടെ സ്രഷ്ടാവായാണ് ക്രാസ്നഹോർകൈ കരുതപ്പെടുന്നത്. 1985-ലാണ് അദ്ദേഹത്തിന്റെ ആദ്യ രചനയായ Satantango (സതാൻടാൻഗോ) പ്രസിദ്ധീകരിക്കപ്പെട്ടത്. 1989-ൽ The Melancholy of Resistance (ദി മെലങ്കളി ഒഫ് റെസിസ്റ്റൻസ്), 1999-ൽ War and War (വാർ ആൻഡ് വാർ) 2008- ൽ Seiobo There Below (സെയ്ബോ ദേർ ബിലോ) എന്നീ നോവലുകൾ പുറത്തുവന്നു. അതോടെ ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ ശ്രദ്ധേയമായ പേരുകളിലൊന്നായി അദ്ദേഹം അറിയപ്പെട്ടു.
1954-ൽ ഹംഗറിയിലെ ഗൂല നഗരത്തിലാണ് ക്രാസ്നഹോർകൈ ജനിച്ചത്. ബാല്യകാലം മുതലേ സാഹിത്യകൃതികൾ വായിച്ചു തുടങ്ങിയ അദ്ദേഹം കാഫ്കയുടെയും ദസ്തയേവ്സ്കിയുടെയും ആരാധകനായി. നിയമവും ഹംഗേറിയൻ സാഹിത്യവും പഠിച്ച അദ്ദേഹം മുപ്പതു വയസ് കഴിഞ്ഞതിനു ശേഷമാണ് എഴുത്തിലേക്കു തിരിഞ്ഞത്. പിന്നീട് തിരക്കഥാകൃത്തെന്ന നിലയിലും പ്രശസ്തനായി. എഴുത്തിൽ ഉത്തരാധുനികൻ എന്ന മുദ്ര ചാർത്തപ്പെട്ടു.
'സതാൻടാൻഗോ" എന്ന നോവൽ 2015-ലെ മാൻ ബുക്കർ ഇന്റനാഷണൽ പ്രൈസ് നേടിയതോടുകൂടിയാണ് ഈ ഹംഗേറിയൻ പ്രതിഭയെ ലോകം അറിഞ്ഞത്. ആ പുരസ്കാരം ലഭിക്കുന്ന ആദ്യ ഹംഗേറിയൻ എഴുത്തുകാരൻ എന്ന സ്ഥാനവും ക്രാസ്നഹോർകൈയ്ക്ക് അവകാശപ്പെട്ടതാണ്. ബുക്കർ പുരസ്കാരം നേടുന്നതിന് മുമ്പുതന്നെ ആ നോവൽ മികച്ച ജർമ്മൻ പുസ്തകമെന്നത് ഉൾപ്പടെ യൂറോപ്പിലെ മറ്റു പല പുരസ്കാരങ്ങളും നേടിയിരുന്നു. ജോർജ്ജ് സിർട്ടെസിന്റെ ഇംഗ്ലീഷ് പരിഭാഷയിലൂടെയാണ് ആ നോവൽ ലോക വായനയിൽ നിറഞ്ഞത്. ഇംഗ്ലിഷിൽ വന്നതോടെ പരിഭാഷയ്ക്കുള്ള പല പുരസ്കാരങ്ങളും അത് നേടുകയുണ്ടായി. കലയുടെ ശക്തി കാണിച്ചുതരുന്ന എഴുത്ത് എന്ന ശരിയായ വിശേഷണമാണ് സ്വീഡിഷ് അക്കാഡമി ഇദ്ദേഹത്തിന്റെ എഴുത്തിനു ചാർത്തിയത്. അവരുടെ വാചകം ഇങ്ങനെയായിരുന്നു: 'His compelling and visionary oeuvre that, in the midst of apocalyptic terror, reaffirms the power of art."
ക്രാസ്നഹോർകൈയുടെ രചനകൾ ജീർണതയുടെ കാണാത്ത മുഖം കാണിച്ചുതന്നു. ചരിത്രത്തിലെ ആ ജീർണതകൾ കണ്ട് വായനക്കാർ ഞെട്ടി. അതിലെ രാഷ്ട്രീയം ഭയപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായിരുന്നു. സൂസൻ സോണ്ടാഗിനെപ്പോലുള്ള വിഖ്യാത നിരൂപകരുടെ ശ്രദ്ധ ഈ രചനകൾ നേടിയിരുന്നു. എളുപ്പത്തിൽ വായിച്ചെടുക്കാവുന്നവയല്ല ഈ ഹംഗേറിയക്കാരന്റെ രചനകൾ പലതും. വളരെ ആഴമുള്ളതും ക്ലേശകരവുമായ ശൈലിയിൽ എഴുതപ്പെട്ടതാണ് ക്രാസ്നഹോർകൈയുടെ അഞ്ചു നോവലുകളും. വിഷയം പോലെ സങ്കീർണം തന്നെ ഭാഷയുമെന്ന് അർത്ഥം. സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഹംഗേറിയൻ എഴുത്തുകാരനാണ് ലാസ്ലോ ക്രാസ്നഹോർകൈ. 2002-ൽ ഇമ്റേ കെർട്ടസ് എന്ന എഴുത്തുകാരൻ നോബൽ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |