ഇന്ത്യ - വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് ഇന്നുമുതൽ ഡൽഹിയിൽ
ന്യൂഡൽഹി : വെസ്റ്റ് ഇൻഡീസുമായുള്ള ആദ്യ ടെസങ്ങറ്റിൽ രണ്ടര ദിവസം കൊണ്ട് വിജയം കണ്ട ഇന്ത്യ പരമ്പരയിലെ അവസാനമത്സരത്തിനായി ഇന്ന് ഇറങ്ങുന്നു. ന്യൂഡൽഹി അരുൺ ജയ്‌റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. അഹമ്മദാബാദിലെ ആദ്യ മത്സരത്തിൽ ഇന്നിംഗ്സിനും 140 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം.
അഹമ്മദാബാദിലെ ആദ്യ ഇന്നിംഗ്സിൽ തന്നെ ഇന്ത്യയെപ്പോലൊരു ടീമിനെ നേരിടാനുള്ള വീര്യം തങ്ങൾക്കില്ലെന്ന് വെസ്റ്റ് ഇൻഡീസുകാർ വ്യക്തമാക്കിയിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് നേടിയ കുൽദീപ് യാദവും ചേർന്ന് വിൻഡീസിനെ 162 റൺസിനാണ് ഒന്നാം ഇന്നിംഗ്സിൽ ആൾഔട്ടാക്കിയത്. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി കെ.എൽ രാഹുലും(100) ധ്രുവ് ജുറേലും(125), രവീന്ദ്ര ജഡേജയും (104*) സെഞ്ച്വറികൾ നേടിയപ്പോൾ ടീം 448/5 ന് ഡിക്ളയർ ചെയ്തു. മൂന്നാം ദിനം രാവിലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിൻഡീസാകട്ടെ വെറും 45.1 ഓവറിനുള്ളിൽ 146 റൺസിന് ആൾഔട്ടാവുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സിൽ ജഡേജ നാലും സിറാജ് മൂന്നും കുൽദീപ് രണ്ടും വിക്കറ്റുകൾ വീഴ്. വാഷിംഗ്ടൺ സുന്ദർ ആദ്യ ഇന്നിംഗ്സിലേതുപോലെ ഒരു വിക്കറ്റിന് ഉടമയായി. ജഡേജയായിരുന്നു മാൻ ഒഫ് ദ മാച്ച്.
മാറുമോ ഇന്ത്യൻ ഇലവൻ
വീര്യം വരുമോ വിൻഡീസിന് ?
അഹമ്മദാബാദിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ സെഞ്ച്വറിയടിച്ചപ്പോൾ രണ്ട് ഇന്നിംഗ്സ് കളിച്ചിട്ടും ഒരു വിൻഡീസ് താരത്തിനുപോലും അർദ്ധസെഞ്ച്വറിയെങ്കിലും നേടാനായില്ല.
ഇന്ത്യൻ പേസ് ബൗളർമാരേയും സ്പിന്നർമാരേയും നേരിടാനുള്ള ശേഷിയുള്ള ബാറ്റർമാരോ ഇന്ത്യൻ ബാറ്റിംഗ് നിരയെ വിറപ്പിക്കാൻ കഴിയുന്ന ബൗളർമാരോ വിൻഡീസ് നിരയിലില്ല.
ക്യാപ്ടൻ റോസ്റ്റൺ ചേസ്,ഷായ് ഹോപ്പ്,ജോൺ കാംപ്ബെൽ, അലിക്ക് അതാൻസേ, ടാഗേനരെയ്ൻ ചന്ദർപോൾ,ജോമൽവാരിക്കൻ, ബ്രാൻഡൺ കിംഗ് തുടങ്ങിയ കളിക്കാർ മികവ് കാട്ടിയാലേ സന്ദർശകർക്ക് രക്ഷയുള്ളൂ.
ഇന്ത്യൻ ടീം
ശുഭ്മാൻ ഗിൽ(ക്യാപ്ടൻ),രവീന്ദ്ര ജഡേജ (വൈസ് ക്യാപ്ടൻ),ദേവ്‌ദത്ത് പടിക്കൽ,യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ധ്രുവ് ജുറേൽ, കെ.എൽ രാഹുൽ,വാഷിംഗ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്,പ്രസിദ്ധ് കൃഷ്ണ,മുഹമ്മദ് സിറാജ്, എൻ.ജഗദീശൻ.
വിൻഡീസ് ടീം
റോസ്റ്റൺ ചേസ് (ക്യാപ്ടൻ),ജോമൽ വാരിക്കൻ( വൈസ് ക്യാപ്ടൻ),കെൽവോൺ ആൻഡേഴ്സൺ,
അലിക് അതാൻസെ,ജെദീയ ബ്ളേഡ്സ്,ജോൺ കാംപ്ബെൽ, ടാഗേനരെയ്ൻ ചന്ദർപോൾ,ജസ്റ്റിൻ ഗ്രീവ്സ്, ഷായ് ഹോപ്പ്,ടെവിൻ ഇമ്ളാച്ച്,ബ്രാൻഡൺ കിംഗ്, യൊഹാൻ ലേയ്ൻ,ആൻഡേഴ്സൺ ഫിലിപ്പ്,ഖ്വാറി പിയറി,ജെയ്ഡൻ സീൽസ്.
ടിവി ലൈവ് : സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും രാവിലെ 9.30 മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |