പാലക്കാട്: ഭൂട്ടാൻ വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടന്മാരുടെ വീടുകളിൽ ഇഡി റെയ്‌ഡ‌് നടത്തുന്നത് ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാൻവേണ്ടിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രി വിചിത്രവാദം മുന്നോട്ടുവച്ചത്.
'സ്വർണത്തിന്റെ വിഷയം മുക്കാൻവേണ്ടിയാണോ സിനിമാരംഗത്തുള്ള രണ്ടുപേരെ വീണ്ടും ത്രാസിൽകേറ്റി അളക്കാൻ കേരള ജനതയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നത്?. അതിനെസംബന്ധിച്ച് എൻഐഎ, ഇഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതുകൊണ്ട് കേന്ദ്രമന്ത്രിസഭയിൽ ഇരുന്നുകൊണ്ട് അതിനെക്കുറിച്ച് പറയാൻ പാടില്ല. സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടത്തുന്നത്'- സുരേഷ് ഗോപി പറഞ്ഞു.
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്മാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ ഒരേസമയം ഇഡി മിന്നൽ പരിശോധന നടത്തിയിരുന്നു. നേരത്തേ കസ്റ്റംസും പരിശോധിച്ചിരുന്നു. ഇതിനുപിന്നിൽ സംസ്ഥാന സർക്കാരാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. അന്വേഷണം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന റെയ്ഡിനുശേഷം ദുൽഖറിനെ ചെന്നൈയിൽ നിന്ന് വിളിച്ചുവരുത്തി കൊച്ചിയിൽ മണിക്കൂറുകൾ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. വാഹനം വാങ്ങിയതിന്റെ രേഖകൾ ഹാജരാക്കാൻ നടന്മാർക്കുൾപ്പെടെ നിർദ്ദേശം നൽകി.കസ്റ്റംസാണ് ഭൂട്ടാൻ വാഹന ഇടപാടിലെ ക്രമക്കേടുകൾ കണ്ടെത്തിയത്.പണമിടപാടുകൾ വിദേശത്ത് നടത്തിയെന്നാണ് സംശയിക്കുന്നത്. വൈകാതെ ഇസിഐആർ രജിസ്റ്റർ ചെയ്യാനാണ് ഇഡി നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |