ജീവിതത്തിൽ പ്രതിസന്ധികൾ ഏറുമ്പോഴാണ് പലരും ജ്യോതിഷിമാരുടെ അടുക്കലെത്തുക. പ്രതിസന്ധികളിൽ നിന്ന് രക്ഷപെടാൻ പലവിധ പ്രതിവിധികളും അവർ പറഞ്ഞുതരും. രത്നങ്ങൾ ധരിച്ചാൽ കഷ്ടതകൾ മാറുമെന്ന വാക്കുകളിൽ അപകടങ്ങളും പതിയിരിപ്പുണ്ട്. രത്നധാരണം നിസാര കാര്യമല്ല. സൂക്ഷിച്ച് ധരിച്ചില്ലെങ്കിൽ വിപരീത ഫലമുണ്ടാകും. മന്ത്രജപം, യന്ത്രപൂജ, ഹോമങ്ങൾ, ദാനങ്ങൾ മുതലായവ നടത്തി നല്ല മുഹൂർത്തത്തിൽ രത്നങ്ങൾ ധരിക്കുന്നകാര്യത്തിൽ വിട്ടുവീഴ്ചകളുണ്ടാകരുത്. ഉപദേശിക്കുന്ന ജ്യോതിഷനിൽ നിന്നും ഗുണദോഷങ്ങൾ ചോദിച്ചറിഞ്ഞശേഷം രത്നങ്ങൾ ധരിക്കണം. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ശുദ്ധമായ രത്നങ്ങളാണെന്ന് ഉറപ്പ് വരുത്തണം. അല്ലാത്തവ ധരിച്ചാൽ പ്രയോജനം ലഭിക്കില്ലെന്ന് മാത്രമല്ല. വിപരീത ഫലവുമുണ്ടാകും.
രത്നങ്ങൾ പലവിധത്തിൽ വിപണികളിൽ ലഭ്യമാണ്. അവയ്ക്ക് പ്രകൃതിദത്ത രത്നങ്ങളേക്കാൾ ഭംഗി കൂടും. മാർക്കറ്റിൽ നിന്നും നേരിട്ട് വാങ്ങി ഒരിക്കലും രത്നം ധരിക്കരുത്. സാധാരണ ചികിത്സകൊണ്ട് ഭേദമാകാത്ത രോഗങ്ങൾ ചില രത്നങ്ങൾ ധരിക്കുന്നതിലൂടെ ഭേദമാകാറുണ്ട്. ധരിക്കുന്ന രത്നം ഏതെങ്കിലും വിധത്തിൽ കേടുപാടുകൾ സംഭവിച്ചാൽ അവ പിന്നീട് ധരിക്കരുത്. രത്നത്തിന്റെ കേടുപാടുകൾ മനസിലാക്കാൻ പരിശീലനം ലഭിച്ച ആൾക്കാരുടെ സഹായം തേടണം.
രത്ന ധാരണത്തിന്റെ ദാനവസ്തുക്കൾ
സൂര്യൻ: ഗോതമ്പ്, കാവിവസ്ത്രം, സ്വർണം
ചന്ദ്രൻ: വെളുത്ത അരി, വെള്ള വസ്ത്രം, വെള്ളി
ചൊവ്വ : ചുവന്ന വസ്ത്രം, ചെമ്പ്, പവിഴം
ബുധൻ: ചെറുപയർ, പച്ചനിറമുള്ള വസ്ത്രങ്ങൾ, മരതകം
വ്യാഴം: മഞ്ഞൾ, തുവര, മഞ്ഞപ്പട്ട്, നാരങ്ങ
ശുക്രൻ: വെള്ള ലോഹം, സുഗന്ധ ധാന്യങ്ങൾ, വജ്രം
ശനി: ഉഴുന്ന്, എള്ള്, ഇരുമ്പ്, അഞ്ജനം,
രാഹു: എള്ള് എണ്ണ, കറുത്ത വസ്ത്രം, നീലക്കമ്പിളി,
കേതു: ആയുധങ്ങൾ, വൈഡൂര്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |