വിപണി വിഹിതം 90 ശതമാനത്തിലേക്ക്
കൊച്ചി: ഇന്ത്യയിലെ സംഘടിത സ്വർണവായ്പാ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് കേരളം ആസ്ഥാനമായുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണെന്ന് സി.ഐ.ഐയുമായി സഹകരിച്ച് കെ.പി.എം.ജി തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കൊച്ചിയിൽ നടന്ന സി.ഐ.ഐ കേരള ബാങ്കിംഗ്, ധനകാര്യ ഉച്ചകോടിയിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്. രാജ്യത്തെ ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷ്വറൻസ് (ബി.എഫ്.എസ്.ഐ) രംഗത്തും കേരളം മുൻപന്തിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ സ്ഥാപനങ്ങളുടെ സ്വർണ വായ്പ 1.2 ലക്ഷം കോടി രൂപയിലധികമാണ്. എൻ.ആർ.ഐ ബാങ്കിംഗ് മേഖലയിലും കേരളത്തിനാണ് മേധാവിത്വം. സംസ്ഥാനത്തെ ബാങ്കുകൾക്ക് മൂന്നുലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം ഈ രംഗത്തുണ്ട്. കേരളത്തിന്റെ ഫിൻടെക് ആവാസവ്യവസ്ഥ 500 കോടി രൂപയുടെ ഫണ്ടിംഗുള്ള 200ലധികം സ്റ്റാർട്ടപ്പുകളുമായി അതിവേഗം വളരുന്നു. യു.പി.ഐ, ആധാർ, അക്കൗണ്ട് അഗ്രിഗേറ്ററുകൾ തുടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങൾ പകർന്ന പുരോഗതിയുടെ കരുത്തിൽ ഇന്ത്യയിലെ ബി.എഫ്.എസ്.ഐ മേഖലയുടെ മൂല്യം 91 ലക്ഷം കോടി രൂപ കവിഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച, സാങ്കേതിക നേതൃത്വം, സാമൂഹികമായ കരുത്ത് എന്നിവയിലൂടെ ബി.എഫ്.എസ്.ഐ മേഖല ധനകാര്യ വിപണിയെ പുനർനിർവചിച്ചെന്ന് ഇന്ത്യയിലെ കെ.പി.എം.ജിയുടെ കൊച്ചിയിലെ ഫിനാൻഷ്യൽ സർവീസസ് ടെക്‌നോളജി ലീഡറും മാനേജിംഗ് പാർട്ണറുമായ വിഷ്ണുപിള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |