തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ അംഗത്തിന്റെ ശമ്പള നിർണയ ഫയൽ അകാരണമായി വൈകിപ്പിച്ച ധനവകുപ്പ് സെക്ഷൻ ഓഫീസർ അൻവറിന് ലോകായുക്തയുടെ രൂക്ഷ വിമർശനം. ഒരു മാസത്തിനകം ഫയലിൽ തീരുമാനമെടുത്ത് അറിയിക്കാൻ ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപലോകായുക്ത ജസ്റ്റിസ് ഷെർസി.വി എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ധനവകുപ്പ് സെക്രട്ടറി എന്നിവരോടും ലോകായുക്ത വിശദീകരണം ആവശ്യപ്പെട്ടു.
ട്രൈബ്യൂണൽ ജുഡിഷ്യൽ അംഗവും മുൻ ജില്ലാ ജഡ്ജിയും ഹൈക്കോടതി രജിസ്ട്രാറുമായിരുന്ന പി.ജെ. വിൻസെന്റിന്റെ പരാതിയിലാണ് നടപടി. സെക്ഷൻ ഓഫീസറെ ജോലിയിൽ നിന്ന് നീക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യആവശ്യം. പി.ജെ. വിൻസെന്റിനെ നിയമിച്ചപ്പോൾതന്നെ ശമ്പളം നിർണയിക്കണമെന്ന് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് പി. സോമരാജൻ മേയിൽ ധനകുപ്പിന് കത്തയച്ചിരുന്നു. നാലുമാസം കഴിഞ്ഞിട്ടും തീരുമാനമെടുത്തില്ല. ട്രൈബ്യൂണലിലെ അഡ്മിനിസ്‌ട്രേറ്റീവ് അംഗമായ ഡോ. കുരുവിള തോമസിന്റെ ശമ്പളം നിർണയിക്കാനുള്ള ഫയലും വച്ചുതാമസിപ്പിച്ചപ്പോൾ അദ്ദേഹം ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |