കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം തുടരുന്നു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലാണ് മാനേജ്‌മെന്റ്. അന്തിമ തീരുമാനം എടുത്തില്ലെന്നാണ് കുട്ടിയുടെ പിതാവ് അനസ് പ്രതികരിച്ചത്. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി സ്കൂൾ അധികൃതർ പറഞ്ഞു.
ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരണമെന്ന സ്കൂൾ മാനേജ്‌മെന്റിന്റെ നിബന്ധന നേരത്തെ നടന്ന സമവായ ചർച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. സ്‌കൂൾ മാനേജ്‌മെന്റിനെ വിമർശിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പരിഹരിക്കപ്പെട്ടെന്ന് കരുതിയ വിവാദമാണ് വീണ്ടും തലപൊക്കിയത്.
മുൻപ് നിബന്ധന സ്വീകാര്യമെന്ന് വ്യക്തമാക്കിയ രക്ഷിതാവ് സമ്മതപത്രം നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഇപ്പോൾ പറയുന്നത്. സമ്മതപത്രം നൽകിയാൽ കുട്ടിക്ക് സ്കൂളിൽ തുടരാമെന്ന നിലപാടാണ് മാനേജ്മെന്റ് ആവർത്തിക്കുന്നത്. അനിശ്ചിതത്വം തുടരുന്നതിനിടെ കുട്ടി ഇന്നും സ്കൂളിലെത്തില്ലെന്ന് പിതാവ് പറഞ്ഞു. പനിയാണെന്നാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |