കൊച്ചി: അമേരിക്കയുടെ തീരുവ വർദ്ധനയും സ്വർണ ഇറക്കുമതിയിലെ കുതിപ്പും നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വ്യാപാര കമ്മി കുത്തനെ കൂട്ടുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്തംബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി 2,800 കോടി ഡോളറായി ഉയരുമെന്ന് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ആഗസ്‌റ്റിലെ വ്യാപാര കമ്മി 2,650 കോടി ഡോളറായിരുന്നു. സ്വർണത്തിന്റെ ഇറക്കുമതിയിലെ വൻ വർദ്ധനയാണ് രാജ്യത്തെ ധനകമ്മിയിൽ സമ്മർദ്ദം ശക്തമാക്കുന്നത്. ധൻതേരസ്, നവരാത്രി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോഗത്തിലുണ്ടായ വർദ്ധനയാണ് സ്വർണ ഇറക്കുമതി കൂടാൻ ഇടയാക്കിയത്.
രാജ്യത്തെ മൊത്തം കയറ്റുമതിയിൽ 20 ശതമാനം പങ്കാളിത്തമുള്ള അമേരിക്കൻ വിപണിയിൽ നേരിടുന്ന തിരിച്ചടിയാണ് വ്യാപാര കമ്മി കൂടുന്നതിന് മറ്റൊരു കാരണം. അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ വൈകുന്നതിനാൽ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വ്യാപാര കമ്മി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തുമെന്ന ആശങ്ക ശക്തമാണ്. അതേസമയം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ താഴുന്നതിനാൽ ഇറക്കുമതി ചെലവുകളിൽ നേരിയ ആശ്വാസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |