കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റത് പൊലീസിന്റെ ലാത്തിയടികൊണ്ടാണെന്ന് സമ്മതിച്ച് വടകര റൂറൽ എസ്.പി കെ.ഇ. ബൈജു. ഷാഫിയെ പിറകിൽ നിന്ന് പൊലീസ് അടിക്കുകയായിരുന്നു. അത് ആരാണെന്ന് കണ്ടെത്താൻ എ.ഐ ടൂൾ ഉപയോഗിച്ച് ശ്രമിക്കുകയാണ്. പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഷാഫിക്ക് മർദ്ദനമേറ്റത് ലാത്തിയടിയിൽ അല്ലെന്ന പൊലീസിന്റെയും ഇടതുനേതാക്കളുടെയും വാദം ഇതോടെ പൊളിഞ്ഞു. ഷാഫിക്ക് പരിക്കേറ്റത് കണ്ണീർ വാതകം പ്രയോഗിച്ചപ്പോഴാകാം എന്നായിരുന്നു ബൈജുവിന്റെ മുൻനിലപാട്.
ലാത്തിയടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് എസ്.പിയുടെ നിലപാട് മാറ്റം. അതേസമയം, പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും എസ്.പി ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആദരിക്കാൻ വടകര കുറുമ്പയിൽ സേവാദർശൻ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''ലാത്തിച്ചാർജാണെങ്കിൽ കമാൻഡ് ചെയ്യും, പിന്നാലെ വിസിൽ അടിക്കും. എല്ലാവരേയും അടിച്ചോടിക്കും. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. പക്ഷേ, ഞങ്ങളുടെ കൂടെയുള്ള ചിലർ മനഃപൂർവം അവിടെ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലായി"- എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |