കാബൂൾ: കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകി പാകിസ്ഥാന് അഫ്ഗാനിസ്ഥാന്റെ കനത്ത പ്രഹരം. പാക് അതിർത്തി പോസ്റ്റുകളിൽ അഫ്ഗാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടു. 30ലേറെപേർക്ക് പരിക്കേറ്റു. 20 പാക് സുരക്ഷാ പോസ്റ്റുകൾ പിടിച്ചെടുത്തു. ഒമ്പത് അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി അഫ്ഗാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയിരുന്നു. തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാൻ (ടി.ടി.പി) മേധാവി നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ടി.ടി.പിക്ക് അഫ്ഗാൻ അഭയം നൽകുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. തങ്ങളുടെ മണ്ണിലുണ്ടാകുന്ന ഒരു ആക്രമണത്തിനും മറുപടി നൽകാതെ പോകില്ലെന്ന് പറഞ്ഞായിരുന്നു ശനിയാഴ്ച അർദ്ധരാത്രിയോടെ അഫ്ഗാന്റെ പ്രത്യാക്രമണം. തുടർന്ന് തോർഖാം, ചമൻ, ഗുലാംഖാൻ തുടങ്ങി അഫ്ഗാനുമായുള്ള അതിർത്തി ക്രോസിംഗുകൾ പാകിസ്ഥാൻ അടച്ചു.
ഖത്തറിന്റെയും സൗദിയുടേയും അഭ്യർത്ഥന മാനിച്ച് പ്രത്യാക്രമണം തത്കാലം നിറുത്തിയെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം അറിയിച്ചു. എന്നാൽ,ചിലയിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. അഫ്ഗാന് ശക്തമായ മറുപടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചു. അഫ്ഗാൻ സൈന്യത്തിന് തിരിച്ചടി നൽകിയെന്നും അവരുടെ 200ലേറെ സൈനികരെ വധിച്ചെന്നും അവകാശപ്പെട്ടു. തങ്ങളുടെ 23 സൈനികരേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നും വ്യക്തമാക്കി.
പാകിസ്ഥാൻ ഐസിസ് കേന്ദ്രം
പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിൽ ഐസിസ് ഭീകരർ വേരുറപ്പിച്ചിട്ടുണ്ടെന്ന് അഫ്ഗാൻ ആരോപിച്ചു. കറാച്ചി, ഇസ്ലാമാബാദ് വിമാനത്താവളങ്ങൾ വഴിയാണ് ഭീകരരെ എത്തിക്കുന്നത്. അഫ്ഗാനിലെ ആക്രമണങ്ങൾ ഈ സെന്ററുകളിൽ നിന്നാണ് ആസൂത്രണം ചെയ്യുന്നത്. തങ്ങളുടെ പക്കൽ ഇതിന് തെളിവുണ്ടെന്നും വ്യക്തമാക്കി.
'പരമാധികാരം ലംഘിച്ചു'
1. വ്യാഴാഴ്ച അഫ്ഗാനിലെ മൂന്ന് കേന്ദ്രങ്ങളിലാണ് സ്ഫോടനമുണ്ടായത്. പിന്നിൽ പാകിസ്ഥാനാണെന്ന് അഫ്ഗാൻ ആരോപിച്ചു. പാകിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും കുറ്റപ്പെടുത്തി.
2. അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിൽ സന്ദർശനം നടത്തുമ്പോഴാണ് സ്ഫോടനം ഉണ്ടായത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |