ന്യൂഡൽഹി: വോട്ടെടുപ്പിൽ ജാതി കാർഡിന് ഏറെ പ്രാധാന്യമുള്ള ബീഹാറിൽ അതിന്റെ പേരിൽ ജീവിക്കുന്ന നിരവധി പാർട്ടികളും നേതാക്കളുമുണ്ട്. സീറ്റു കിട്ടുന്നിടത്തേക്ക് കൂറുമാറുന്ന നേതാക്കളിൽ പ്രമുഖനാണ് ഹിന്ദുസ്ഥാൻ അവാമി മോർച്ച (എച്ച്.എ.എം) നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി. മുഷഹർ വിഭാഗത്തിൽ നിന്നുള്ള മാഞ്ചി, ബീഹാറിലെ സ്വാധീനമുള്ള ദളിത് നേതാവാണെങ്കിലും ഒരിടത്തും സ്ഥിരമായി നിൽക്കാത്ത പ്രകൃതമാണ്. ബീഹാറിൽ അദ്ദേഹം പ്രവർത്തിക്കാത്ത പാർട്ടികളില്ല. നിലവിൽ എൻ.ഡി.എയിൽ.
ഡൽഹിയിലെ എൻ.ഡി.എ സീറ്റ് പങ്കിടൽ ചർച്ചയിൽ 15 സീറ്റ് ആവശ്യപ്പെട്ട മാഞ്ചിക്ക് കഴിഞ്ഞ തവണത്തേതുപോലെ ഏഴ് സീറ്റുകളാണ് നീക്കി വച്ചത്. ഇതിൽ പ്രതിഷേധിച്ച് ചർച്ച ബഹിഷ്‌കരിച്ച് ബീഹാറിലേക്ക് മടങ്ങി. 2020ൽ ഏഴ് സീറ്റിൽ മത്സരിച്ച് നാലിടത്ത് ജയിച്ചിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലെ ഗയയിൽ നിന്ന് ജയിച്ച മാഞ്ചി, നിലവിൽ മോദി മന്ത്രിസഭയിൽ എം.എസ്.എം.ഇ മന്ത്രിയാണ്. അതിനാൽ ബി.ജെ.പിയെ വെറുപ്പിച്ച് ഉള്ളതുകൂടി ഇല്ലാതാക്കാൻ അദ്ദേഹം ആഗ്രഹിക്കില്ല. സമ്മർദ്ദം ചെലുത്തി കിട്ടാവുന്ന സീറ്റുകൾ വാങ്ങിയെടുക്കലാണ് ലക്ഷ്യം.
1980ൽ കോൺഗ്രസിലൂടെയാണ് രാഷ്‌ട്രീയ പ്രവേശം. ഫത്തേപൂരിൽ നിന്ന് ജയിച്ച് ബീഹാറിലെ ചന്ദ്രശേഖർ സിംഗ് മന്ത്രിസഭയിൽ ആദ്യമായി മന്ത്രിയായി. 1990ലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ലാലു പ്രസാദിന്റെ ആർ.ജെ.ഡിയിലെത്തി. ലാലുവിന്റെയും പിന്നീട് ഭാര്യ റാബ്രി ദേവിയുടെയും മന്ത്രിസഭകളിലും അംഗമായി. ലാലുവിന്റെ കഷ്‌ടകാലത്ത് അദ്ദേഹത്തിന്റെ എതിരാളിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിലേക്ക് കളം മാറി. പിന്നീട് നിതീഷിന്റെ വിശ്വസ്‌തനുമായി. 2014ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് നിതീഷ് രാജിവച്ചപ്പോൾ മുഖ്യമന്ത്രി പദവും ലഭിച്ചു. പത്തുമാസം കഴിഞ്ഞ് നിതീഷ് മുഖ്യപദം തിരികെ ചോദിച്ചപ്പോൾ കൊടുത്തില്ല. പിന്നെ പുറത്താക്കി. അങ്ങനെയാണ് എച്ച്.എ.എം രൂപീകരിച്ചത്. ഒറ്റയ്‌ക്ക് നടന്ന് ക്ളച്ചു പിടിക്കാതിരുന്നപ്പോൾ എൻ.ഡി.എയിൽ ചേർന്നു.
ഗയ മണ്ഡലത്തിൽ 2014ൽ ജെ.ഡി.യുവിന്റെയും 2019ൽ എച്ച്.എ.എമ്മിന്റെയും സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും തോറ്റു.
2024ൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ജയിച്ച് മന്ത്രിയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |