സാന്റിയാഗോ: ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ ഒന്നാണ് ചിലിയിലെ അറ്റക്കാമ മരുഭൂമി. ഇപ്പോഴിതാ പർപ്പിൾ നിറത്തിലെ മനോഹരമായ ചെറിയ പൂക്കൾ വിടർന്നു നിൽക്കുന്ന അപൂർവ കാഴ്ചയാണ് അറ്റക്കാമ മരുഭൂമിയിൽ കാണാനാവുക. ശൈത്യകാലത്ത് ലഭിച്ച അസാധാരണമായ ശക്തമായ മഴയാണ് മേഖലയിലെ ഫ്യൂഷ അടക്കം പൂക്കൾ തളിരിടാൻ ഇടയാക്കിയത്.
മുൻ മാസങ്ങളിലും മേഖലയിൽ ശരാശരിയിലും കൂടുതൽ മഴ ലഭിച്ചിരുന്നു. സമീപകാലത്ത് അറ്റക്കാമയിൽ ഇത്രയുമധികം മഴ ലഭിക്കുന്നതും ആദ്യമാണ്. അറ്റക്കാമയുടെ ചുവന്ന മണ്ണിനടിയിൽ 200ലേറെ സസ്യ സ്പീഷീസുകൾ ഉറങ്ങിക്കിടക്കുന്നുണ്ടെന്നും ഇവ ജീവൻ നിലനിറുത്താൻ ആവശ്യമായ ഈർപ്പത്തിനായി കാത്തിരിക്കുകയാണെന്നും ഗവേഷകർ പറയുന്നു. വെള്ളം വളരെ കുറച്ച് മാത്രം ആവശ്യമുള്ള ' പാറ്റ ഡി ഗ്വാനാകോ' എന്ന പർപ്പിൾ പൂക്കളാണ് ഏറ്റവും കൂടുതൽ വിടരുന്നത്.
പർപ്പിൾ വസന്തം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് അറ്റക്കാമയിലെ വടക്കൻ കോപിയപോ മേഖലയിലേക്ക് ഒഴുകിയെത്തുന്നത്. ഏതാനും ആഴ്ചകൾ മാത്രമേ ഈ കാഴ്ച നിലനിൽക്കു. നവംബറിൽ ചൂട് ഉയരുന്നതോടെ മിക്കവാറും പൂക്കളും അപ്രത്യക്ഷമാകും.
40 വർഷത്തിനിടെ 15ലേറെ തവണയാണ് അറ്റക്കാമയിൽ പൂക്കാലം രേഖപ്പെടുത്തിയിട്ടുള്ളത്. വടക്കൻ ചിലിയിൽ പസഫിക് തീരത്തോട് ചേർന്നുകിടക്കുന്ന അറ്റക്കാമ ആൻഡിസ് പർവ്വത നിരകളുടെ പടിഞ്ഞാറായി 1,600 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു.
1,05,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അറ്റക്കാമയിൽ വർഷം ലഭിക്കുന്ന മഴയുടെ അളവ് വളരെ കുറവായതിനാൽ (ശരാശരി 15 മില്ലി മീറ്റർ) ജീവജാലങ്ങൾക്ക് നിലനിൽക്കുക പ്രയാസമാണ്. പൂക്കാലം മാത്രമല്ല, അറ്റക്കാമ മരുഭൂമിയിലെ ഏതാനും ഭാഗങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയുമുണ്ടാകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |