അപകടം കിണറിന്റെ ഭിത്തി ഇടിഞ്ഞ്
കൊല്ലം: അർദ്ധരാത്രി കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാർശ്വഭിത്തി ഇടിഞ്ഞ് യുവതിയും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം. രക്ഷാപ്രവർത്തനത്തിന് കിണറ്റിലിറങ്ങിയ കൊട്ടാരക്കര ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തിരുവനന്തപുരം ആറ്റിങ്ങൽ മമതയിൽ (ഹൃദ്യം) സോണി.എസ്.കുമാർ (36), കിണറ്റിൽ ചാടിയ കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ മുണ്ടുപാറ മുകളുവിളഭാഗം സ്വപ്നവിലാസത്തിൽ എം.അർച്ചന (33), അർച്ചനയുടെ ആൺസുഹൃത്ത് കൊടുങ്ങല്ലൂർ അഴീക്കോട് മാങ്ങാംപറമ്പിൽ ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് അർച്ചന വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. വിവരമറിഞ്ഞ് കൊട്ടാരക്കര ഫയർഫോഴ്സെത്തി. തുടർന്ന് സോണി 76 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി അർച്ചനയുമായി സംസാരിച്ചു. വലയിൽകയറ്റി അർച്ചനയെ മുകളിലേക്ക് ഉയർത്തുന്നതിനിടെ കിണറിന്റെ പാർശ്വഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. കരയിൽ നിന്ന് ടോർച്ച് തെളിച്ച് നൽകിയ ശിവകൃഷ്ണനും ഇതിനൊപ്പം കിണറ്റിലേക്ക് വീണു.
ചുടുകട്ടയും ഇരുമ്പുപൈപ്പും വീണ് സോണിയുടെ തലപൊട്ടി. ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടര മണിക്കൂർ ശ്രമത്തിനൊടുവിൽ അർച്ചനയെയും ശിവകൃഷ്ണനെയും പുറത്തെടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു.
ഭർത്താവുമായി വേർപിരിഞ്ഞ അർച്ചനയ്ക്കൊപ്പം രണ്ടുമാസമായി താമസിക്കുകയായിരുന്നു അവിവാഹിതനായ ശിവകൃഷ്ണൻ. അർച്ചനയുടെ മക്കളും ശിവകൃഷ്ണന്റെ സുഹൃത്തും ഭാര്യയും അർച്ചനയുടെ വീട്ടിലുണ്ടായിരുന്നു. ഇവരുടെ മുന്നിൽവച്ച് മദ്യലഹരിയിൽ ശിവകൃഷ്ണൻ അർച്ചനയെ ക്രൂരമായി മർദ്ദിച്ചു. മദ്യക്കുപ്പി അർച്ചന ഒളിച്ചുവച്ചതാണ് പ്രകോപനമായത്. മുഖത്ത് പരിക്കേറ്റ അർച്ചന വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ശിവകൃഷ്ണനാണ് കൊട്ടാരക്കര ഫയർഫോഴ്സിൽ വിവരമറിയിച്ചത്.
സോണിയുടെ മൃതദേഹം കൊട്ടാരക്കര ഫയർസ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു. വാട്ടർ സല്യൂട്ടടക്കം നൽകി. ആറ്റിങ്ങലിലെ വസതിയിലെത്തിച്ച് സംസ്കരിച്ചു. ശ്രീകുമാർ-ലളിത ദമ്പതികളുടെ മകനാണ്. ഗവ.എൽ.പി സ്കൂൾ അദ്ധ്യാപിക അശ്വതിയാണ് ഭാര്യ. മകൾ: ഹൃദ്യ (മമത, 3). അർച്ചനയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അശോകൻ-മിനി ദമ്പതികളുടെ മകളാണ് ആയുർവേദ തെറാപ്പിസ്റ്റായ അർച്ചന. മക്കൾ: ഐശ്വര്യ, ആദിത്യൻ, അനുശ്രീ.
മാങ്ങാംപറമ്പ് പരേതനായ ഷാജിയുടെയും സജിതയുടെയും മകനാണ് വാർക്കപ്പണിക്കാരനായ ശിവകൃഷ്ണൻ. സഹോദരങ്ങൾ: ഷിജിൽ, കൃഷ്ണ.
മാറിനിൽക്കാൻ പറഞ്ഞു, കേട്ടില്ല
സോണി കിണറ്റിലിറങ്ങി അർച്ചനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാർശ്വഭിത്തിയോട് ചേർന്ന് നിന്ന് ടോർച്ചടിച്ച് നൽകുകയായിരുന്നു ശിവകൃഷ്ണൻ. മദ്യലഹരിയിലായിരുന്ന ഇയാളോട് മാറി നിൽക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പലവട്ടം പറഞ്ഞെങ്കിലും കേട്ടില്ല. അതിനിടെയാണ് ശിവകൃഷ്ണൻ നിന്നതിന്റെ എതിർഭാഗത്തെ പാർശ്വഭിത്തി ഇടിഞ്ഞത്. അതിനൊപ്പം ശിവകൃഷ്ണനും കിണറ്റിലേക്ക് വീഴുകയായിരുന്നു. പാർശ്വഭിത്തിയോട് ചേർന്നുനിന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുഫൈൽ കഷ്ടിച്ച് രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |