കൊച്ചി: വെയർഹൗസിംഗ് കോർപ്പറേഷനിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും കുടിശികയും നിലവിലുള്ള ഫണ്ടിൽ നിന്ന് രണ്ടു മാസത്തിനകം മുൻഗണനാക്രമത്തിൽ വിതരണം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. 1997 മുതലുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി, പെൻഷൻ ഫണ്ടിലുള്ള 14.86 കോടി രൂപ വിതരണം ചെയ്യാനാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പെൻഷൻ നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാൽ വെയർഹൗസിംഗ് കോർപ്പറേഷൻ പെൻഷനേഴ്‌സ് അസോസിയേഷൻ ഫയൽ ചെയ്ത കോടതി അലക്ഷ്യ ഹർജിയിലാണ് ഉത്തരവ്.കുടിശിക നൽകാൻ ആകെ 31.88 കോടിയാണ് വേണ്ടത്. തികയാത്ത തുക കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകാൻ കോർപ്പറേഷനും കോടതി നിർദ്ദേശം നൽകി.
പെൻഷൻ നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. ലഭ്യമായ 14.86 കോടി രണ്ട് മാസത്തിനുളളിൽ വിതരണം ചെയ്തില്ലെങ്കിൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കും. ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയയ്ക്കാനും നിർദ്ദേശിച്ചു. പെൻഷൻ വിതരണം ചെയ്യുന്നതിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് കോർപ്പറേഷൻ എം.ഡി. സത്യവാങ്മൂലം ഫയൽ ചെയ്യണം. വിഷയം ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |