തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ സി.പി.എം.അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം പി.ഹണി ഒഴിഞ്ഞു.ഏറെക്കാലം സംഘടനയെ നയിച്ചിരുന്ന ഹണി സർവ്വീസിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്.പകരം, സംഘടനയുടെ തലപ്പത്തേക്ക് വനിതാ നേതാവെത്തി. ആർ.നിഷാ ജാസ്മിനാണ് പുതിയ പ്രസിഡന്റ്.
ഇന്നലെ എ.കെ.ജി.ഹാളിൽ ചേർന്ന സംഘടനയുടെ 52-മത് വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പി.ഹണി അദ്ധ്യക്ഷത വഹിച്ചു.
എസ്.എസ്.ദീപുവാണ് ജനറൽ സെക്രട്ടറി. ട്രഷററായി പുത്തനമ്പലം ശ്രീകുമാറിനെ തിരഞ്ഞെടുത്തു.എം.പി.പ്രിയമോൾ,ജി.വേണുഗോപാലൻ നായർ,ഇ.നാസർ(വൈസ് പ്രസിഡന്റുമാർ), നാഞ്ചല്ലൂർ ശശികുമാർ,കല്ലുവിള അജിത്, എസ്.ബിന്ദു, സിന്ധു ഗോപൻ(ജോയന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 28 അംഗ നിർവ്വാഹക സമിതിയേയും തിരഞ്ഞെടുത്തു.
പ്രതിനിധി സമ്മേളനത്തിൽ വി.പി.സിന്ധുഗോപൻ രക്തസാക്ഷി പ്രമേയവും എസ്. പത്മകുമാർ അനുശോചനങ്ങളും പ്രേമാനന്ദ് വി.എസ്.അച്യുതാനന്ദൻ അനുസ്മരണവും നടത്തി. സെക്രട്ടറി നാഞ്ചല്ലൂർ ശശികുമാർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി. എ.കുടിശിക അനുവദിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |