തിരുവനന്തപുരം: ''എന്തു ചെയ്യാൻ കഴിയും? ഉപകാരം ചെയ്യാമെന്നു കരുതി ചെയ്യുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെയായാൽ..."
വാക്കുകൾ പാതിവഴിയിൽ നിറുത്തി മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് നെടുവീർപ്പിട്ടു. വന്ദേഭാരത് യാത്രയ്ക്കിടെ യാത്രക്കാരി കണ്ണട മറന്നുവച്ചെന്നു കരുതി അതെടുത്ത് നൽകാൻ പുറത്തിറങ്ങിയതാണ് ഋഷിരാജ് സിംഗ്. അദ്ദേഹത്തിന് ട്രെയിൻ നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, കണ്ണട മോഷ്ടിച്ചെന്ന മട്ടിൽ ഒരു മാദ്ധ്യമത്തിൽ വാർത്തയും വന്നു. ''ആ മാദ്ധ്യമം മാപ്പു പറഞ്ഞു. ഇനി അതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. സത്യം എല്ലാവർക്കും ബോദ്ധ്യമായല്ലോ""- അദ്ദേഹം ചിരിച്ചു.
കഴിഞ്ഞ 9ന് വന്ദേഭാരതിൽ തിരുവനന്തപുരത്തുനിന്നു തിരൂരിലേക്കുള്ള യാത്രയ്ക്കിടെ എതിർവശത്തെ സീറ്റിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി ഡോ. രമാമുകേഷിനെ സഹായിക്കാൻ ശ്രമിച്ചതാണ് ഋഷിരാജ് സിംഗ്. ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ ഡോക്ടറും ഭർത്താവും മകളും ഇറങ്ങാനൊരുങ്ങുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഡോക്ടർ ബാഗുകൾ എടുത്ത് മകൾക്കൊപ്പം ഇറങ്ങാനുള്ള തിരക്കിലായിരുന്നുവെന്നാണ് മനസിലാക്കിയത്.
ട്രെയിൻ നിറുത്തിയപ്പോൾ ഡോക്ടറുടെ കണ്ണടയും പുസ്തകവും സീറ്റിനു സമീപം ഇരിക്കുന്നത് കണ്ടു. മറന്നുവച്ചതാണെന്നു കരുതി അതെടുത്ത് തിരിച്ചേൽപ്പിക്കാൻ പിന്നാലെ ഋഷിരാജും ട്രെയിനിൽനിന്നിറങ്ങി. എന്നാൽ, എറണാകുളത്ത് ഇറങ്ങേണ്ട മകൾക്ക് യാത്രപറയാൻ വാതിലിനടുത്തേക്കു നീങ്ങിയ ഡോക്ടറും ഭർത്താവും ട്രെയിനിൽനിന്ന് ഇറങ്ങിയിരുന്നില്ല. ഇതിനിടെ ഡോർ അടഞ്ഞു. ട്രെയിൻ നീങ്ങി. ഋഷിരാജ് പുറത്തുമായി.
അദ്ദേഹത്തിന്റെ പഴ്സും ഐഫോണും ബാഗും ഉൾപ്പെടെയുള്ള വസ്തുക്കൾ ട്രെയിനുള്ളിൽ. പ്ലാറ്റ്‌ഫോമിലെ റസ്റ്റോറന്റിലെത്തിയ ഋഷിരാജ് സിംഗ് കണ്ണടയും പുസ്തകവും റെയിൽവേ പൊലീസിനു കൈമാറാനുള്ള ഏർപ്പാട് ചെയ്തു. പരിചയമുള്ള മാനേജരിൽനിന്ന് 500 രൂപ കടം വാങ്ങി അടുത്ത തീവണ്ടിയിൽ ടിക്കറ്റെടുത്തു. വന്ദേഭാരതിലുള്ള തന്റെ ബാഗും മൊബൈൽഫോണും തിരൂരിൽ തന്നെ കൂട്ടാനെത്തുന്ന വ്യക്തിക്കു കൈമാറാനും ഏർപ്പാടുചെയ്തു.
ഇതിനിടെ ഡോക്ടറും ഭർത്താവും തീവണ്ടിയിൽ കണ്ണടയ്ക്കായി തിരഞ്ഞു. തൃശ്ശൂരിൽ ഇറങ്ങിയ ഡോക്ടർ ഇവ കാണാനില്ലെന്നു പരാതി നൽകി. തൊട്ടുപിന്നാലെ പൊലീസ് ഡോക്ടറെ കണ്ണടയും പുസ്തകവും കിട്ടിയ വിവരം അറിയിച്ചു. വാസ്തവം അറിഞ്ഞ ഡോക്ടർ ഋഷിരാജ് സിംഗിനെ വിളിച്ച് നന്ദി അറിയിച്ചു. സംഭവം സംബന്ധിച്ച് പൊലീസ് അസോസിയേഷൻ നേതാവ് സി.ആർ.ബിജു ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെ സമൂഹ മാദ്ധ്യമങ്ങളിലും ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |