പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. 16ന് വിധി പറയും.
പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊലപാതകത്തിന് പുറമേ വീട്ടിൽ അതിക്രമിച്ച് കടക്കൽ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ ഒന്നും ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു കുറ്റബോധവും ഭാവഭേദവും ഇല്ലാതെയാണ് ചെന്താമര കോടതിയിൽ നിന്നത്. സജിതയുടെ അമ്മയും മക്കളായ അതുല്യയും അഖിലയും സഹോദരിയും കോടതിയിലെത്തിയിരുന്നു. അയൽവാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരന്റെ ഭാര്യ സജിതയെ 2019 ആഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിതയാണെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം. വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. തുടർന്ന് പോത്തുണ്ടി വനമേഖലയിൽ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്. കേസിൽ 68 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. 2020ലാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. 2025 ആഗസ്റ്റ് 4ന് സാക്ഷിവിസ്താരം ആരംഭിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാറാണ് ഹാജരായത്. റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
പ്രധാനസാക്ഷി നാടുവിട്ടു
ചെന്താമരയുടെ ഭീഷണി ഭയന്ന് കേസിലെ പ്രധാനസാക്ഷി നാടുവിട്ടു. പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്നാട്ടിലാണിപ്പോൾ. ചെന്താമര പലതവണ ഭീഷണി മുഴക്കിയെന്നും പുഷ്പയുടെ മക്കൾ പറഞ്ഞു. സജിതയെ കൊന്നശേഷം ചെന്താമര വരുന്നത് കണ്ടത് പുഷ്പയാണ്.
കനത്ത ശിക്ഷ വിധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോടതി വിധിയിൽ സന്തോഷവും വിശ്വാസവുമുണ്ട്. 16ാം തീയതി ആകട്ടെ. അയാൾ പുറത്തിറങ്ങാൻ കോടതി അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.
-- സജിതയുടെ കുടുംബം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |