കുന്നംകുളം (തൃശൂർ): കുന്നംകുളം മുൻ എം.എൽ.എയും സി.പി.എം നേതാവുമായ ബാബു എം. പാലിശേരി (67) അന്തരിച്ചു. പാർക്കിൻസൺസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച കുന്നംകുളത്തെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അന്ത്യം.
ഭൗതികദേഹം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വച്ചശേഷം കൊരട്ടിക്കരയിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്നുച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. കടവല്ലൂർ കൊരട്ടിക്കര മുള്ളത്ത് പാലിശേരി വീട്ടിൽ പി.രാമൻ നായരുടെയും എം.അമ്മിണിയമ്മയുടെയും മകനാണ്. 2006ലും 2011ലും കുന്നംകുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. ദീർഘകാലം സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്നു.
1995ൽ, യു.ഡി.എഫ് ശക്തികേന്ദ്രമായിരുന്ന കടവല്ലൂർ പഞ്ചായത്തിലേക്ക് കൊരട്ടിക്കര വാർഡിൽ നിന്നും വിജയിച്ചാണ് പൊതുപ്രവർത്തന രംഗത്ത് വരവറിയിച്ചത്. 2005ൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിലെത്തി. എം.എൽ.എയായിരിക്കെ കുന്നംകുളത്തിന് സ്വന്തം താലൂക്ക് എന്ന ആവശ്യത്തിന് ശക്തി പകർന്ന് കക്കാട് മിനി സിവിൽ സ്റ്റേഷൻ സാദ്ധ്യമാക്കി.
സി.പി.എം കുന്നംകുളം ഏരിയ സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര (അടാട്ട് സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ), മക്കൾ: അശ്വതി (യു.കെ), നിഖിൽ (എൻജിനിയർ). മരുമകൻ: ശ്രീജിത്ത് (ഒമാൻ). സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.ബാലാജി സഹോദരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |