മിമിക്രിയിലൂടെയും കോമഡി വേദികളിലൂടെയും മലയാളികളുടെ മനസിൽ ഇടംപിടിച്ച് കലാകാരനാണ് ഉല്ലാസ് പന്തളം. ടെലിവിഷൻ കോമഡി പരിപാടികളിലും സിനിമയിലും ഉല്ലാസ് തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഉല്ലാസ് പന്തളത്തിന് സ്‌ട്രോക്ക് വന്ന വിവരം പുറംലോകം അറിയുന്നത്.
സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തിരുവല്ലയിൽ എത്തിയപ്പോഴുള്ള നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഊന്നുവടിയുടെ സഹായത്തോടെയാണ് അന്ന് താരം വേദിയിലെത്തിയത്. മുഖത്തെ ഒരുഭാഗം കോടിയത് പോലെയും കാണാം. സ്‌ട്രോക്ക് വന്നതിൽ പിന്നെയാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. ഇതോടെയാണ് രോഗവിവരം പുറത്തറിഞ്ഞത്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് തന്റെ രോഗവിവരം രഹസ്യമാക്കിവച്ചതെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഉല്ലാസ്. ഏപ്രിൽ 20നാണ് തനിക്ക് സ്ട്രോക്ക് വന്നതെന്നും സോഷ്യൽ മീഡിയകളിലൂടെ അനാവശ്യ കമന്റുകൾ വരുമെന്നതിനാലാണ് താൻ ഇക്കാര്യം രഹസ്യമാക്കി വച്ചതെന്നും ഉല്ലാസ് പന്തളം പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഉല്ലാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഏപ്രിൽ 20ന് ഈസ്റ്ററിന്റെ അന്ന് വെെകുന്നേരമാണ് എനിക്ക് സ്ട്രോക്ക് വന്നത്. ഇടത്തേ കാലിനും ഇടത്തേ കെെയ്ക്കും ഇത്തിരി സ്വാധീനക്കുറവുണ്ട്. അതുകൊണ്ടാണ് ചാനലിലെ പരിപാടികളിൽ കാണാത്തത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇത് എല്ലാവരും അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ അനാവശ്യമായ കമന്റുകൾ വരുമെന്ന് കരുതിയാണ് ഞാനിത് രഹസ്യമാക്കി വച്ചത്. പിന്നെ ആലോചിച്ചപ്പോൾ അതെന്തിനാണെന്ന് തോന്നിയിരുന്നു.
ലക്ഷ്മി നക്ഷത്ര ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചു. ഉല്ലാസിനെക്കൊണ്ട് ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യിക്കാമെന്ന് ജ്വല്ലറി ഉടമയും പറഞ്ഞു. എനിക്കത് സന്തോഷം നൽകി. അങ്ങനെയാണ് വന്നത്. അതോടെയാണ് എന്റെ രോഗാവസ്ഥയെക്കുറിച്ച് എല്ലാവരും അറിയുന്നത്. അന്ന് മുതൽ പലരും വിളിച്ച് എന്റെ അവസ്ഥ തിരക്കുന്നുണ്ട്. എല്ലാവരുടെയും നല്ല പിന്തുണയുമുണ്ട്. പക്ഷെ ചില നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. എന്നെ വിളിച്ച് ആശ്വസിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. പൂർവ്വാധികം ശക്തിയോടെ തിരികെ വരും'- ഉല്ലാസ് പന്തളം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |