ഇരിക്കുന്ന കൊമ്പ് മുറിക്കുക, നനഞ്ഞ ഇടം കുഴിക്കുക ഇത്യാദി കലാപരിപാടികൾ കോൺഗ്രസിൽ പണ്ടുകാലം മുതൽക്കേ ഉണ്ടെങ്കിലും ഇപ്പോൾ അതിന്റെ കടുപ്പം ഇത്തിരി കൂടിയിട്ടുണ്ടോ എന്നൊരു സംശയം. പ്രത്യേകിച്ച് ഖദറിനോടും ദേശീയ പ്രസ്ഥാന ചരിത്രത്തോടുമൊക്കെ വിപ്രതിപത്തി തോന്നിത്തുടങ്ങിയ യുവനേതാക്കൾക്കിടയിൽ! മുതിർന്ന ചുരുക്കം നേതാക്കളെങ്കിലും ഇത്തരം ചില്ലറ ബലഹീനതകളില്ലാത്തവരാണെന്നല്ല ഇതിനർത്ഥം. എങ്കിലും ഭാവിയിൽ സംഘടനയെ നയിക്കേണ്ട, ഇന്നത്തെ യുവരക്തം ഇത്തരം ദൗർബല്യങ്ങളിലേക്ക് വഴുതിയാൽ അതു ഗുണകരമോ എന്നതാണ് വിഷയം. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള മൂക്കുചീറ്രലും പതംപറച്ചിലും ദീർഘ നിശ്വാസമുതിർക്കലുമൊക്കെയാണ് ഇതൊക്കെ ചിന്തിക്കാൻ കാരണം. യൂത്തിന്റെ ആയാലും മഹിളാ കോൺഗ്രസിന്റെ ആയാലും കെ.എസ്.യുവിന്റെ ആയാലും കെ.പി.സി.സിയുടെ ആയാലും സംസ്ഥാന അദ്ധ്യക്ഷപദവിയിൽ നിലവിലെ രീതി അനുസരിച്ച് ഒരാളെ അല്ലെ പ്രതിഷ്ഠിക്കാൻ പറ്റൂ. പദവികളുടെ കിന്നരിതൊപ്പി ചൂടാൻ എല്ലാവിധത്തിലും യോഗ്യരായ നിരവധി നേതാക്കളുള്ള സംഘടനകളാണ് ഇപ്പറഞ്ഞതെല്ലാം. ഇതുപോലുള്ള പദവികളിലെത്താൻ മിക്കവർക്കും ആഗ്രഹവും കാണും. അതൊന്നും വലിയ അപരാധമായി കാണാനാവില്ല. പ്രത്യേകിച്ച് കോൺഗ്രസ് സംസ്കാരമുള്ള സംഘടനകളിൽ. കോഴിക്കോട്ട് ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ മുൻനിരയിൽ ഞെളിഞ്ഞു നിൽക്കാൻ വേണ്ടി ധന്വന്തരം കുഴമ്പും പുരട്ടി നടക്കുന്ന നേതാക്കൾ വരെ നടത്തിയ രാമരാവണ യുദ്ധത്തിന്റെ ലൈവ് നമ്മൾ കണ്ടതാണല്ലോ. 'മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം" എന്നാണല്ലോ ചൊല്ല്.
സ്ഥാനമാനങ്ങൾ
ചൊല്ലി കലഹിച്ച്....
കോൺഗ്രസിന്റെ കാര്യത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനും പാർട്ടി ചുമതലകളിലേക്ക് തിരഞ്ഞെടുക്കപ്പെടാനുമൊക്കെ നിരവധി മാനദണ്ഡങ്ങളും മാമൂലുകളും ഉപാധികളുമൊക്കെ പരിഗണിക്കുന്ന ഒരു ശൈലിയുമുണ്ട്. പിന്നെ മോഹിച്ചു പോയി എന്ന ഒറ്രക്കാരണത്താൽ ആ സ്ഥാനം കിട്ടാതെ പോയാൽ, മുഖം വീർപ്പിക്കുന്നത് ഒരു നല്ല പ്രവണതയല്ല. പാലക്കാട് അസംബ്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ സമയത്ത് ഇതേപോലൊരു മൂക്കു പിഴിച്ചിൽ കണ്ടു. കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്ന, ഊർജസ്വലനും സമർത്ഥനുമായ യുവാവാണ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന്റെ പേരിൽ പാർട്ടിയുമായുള്ള പൊക്കിൾക്കൊടി ബന്ധം ഉപേക്ഷിച്ച് മറുകണ്ടം ചാടിയത്. അദ്ദേഹത്തിന്, അദ്ദേഹത്തിന്റേതായ ന്യായമുണ്ടാകുമെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇത്തരം വൈകാരിക സമീപനങ്ങൾ എത്രത്തോളാമാവാം എന്നൊരു വിഷയവുമുണ്ട്.
ഏതായാലും അദ്ദേഹത്തിന് പകരം സ്ഥാനാർത്ഥിയാക്കി, പാർട്ടിയും മുന്നണിയും ഏറെ വിയർപ്പൊഴുക്കി വിജയിപ്പിച്ചെടുത്ത എം.എൽ.എയുടെ പിന്നീടുള്ള കലാപരിപാടികൾ കണ്ടപ്പോഴാണ് ആകെ 'കൺഫൂഷ"നായത്. മാങ്കൂട്ടത്തിൽ സഹോദരൻ ചില്ലറയൊന്നുമല്ലല്ലോ പാർട്ടി നേതൃത്വത്തെ വെള്ളം കുടിപ്പിച്ചത്. അദ്ദേഹവും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനാവാൻ നടത്തിയ ചാത്തൻ സേവകളെന്തെല്ലാമായിരുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ടു നടന്ന കലാപരിപാടികൾ ഏറെ വിഴുപ്പലക്കലിന് വിധേയമായതുമാണ്. ഇതെല്ലാം കാണുമ്പോഴാണ് ഒരു സംശയം. എന്തെങ്കിലുമൊരു സ്ഥാനമോ പദവിയോ ഇല്ലെങ്കിൽ പാർട്ടി പ്രവർത്തനം നടത്താനാവില്ലെ? ഒരു സ്ഥാനവുമില്ലാതെ വെള്ളം കോരിയും വിറകു വെട്ടിയും മൈക്കാട് പണി ചെയ്തും പാർട്ടി പരിപാടികൾ കൊഴുപ്പിക്കാനും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനും സമരത്തിനും സെക്രട്ടേറിയറ്റ് നടയിൽ പൊലീസിന്റെ കുളിവഴിപാട് സ്വീകരിക്കാനുമൊക്കെ ഇറങ്ങുന്ന കുറേപ്പേരുണ്ടല്ലോ. അവരൊക്കെ എത്രമാത്രം മൂക്കു ചീറ്റണം.
പ്രവർത്തിക്കാൻ
പദവി നിർബന്ധമോ?
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി ഒ.ജെ. ജനീഷിനെ നിശ്ചയിച്ചത് ഏറെ പണിപ്പെട്ടാണ്. കാരണം തങ്ങളുടെ കാലാളെ മുൻനിറുത്തി ചതുരംഗപ്പലകയിൽ പോരാട്ടത്തിനിറങ്ങിയത് ചില്ലറക്കാരായിരുന്നില്ലല്ലോ. ഏതായാലും പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ അബിൻ വർക്കി ചീറ്റിപ്പിഴിയുന്ന മൂക്കുമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്നു. ചൂടുപായസം കൈകൊണ്ടു കോരിയെടുക്കാൻ പിന്നിൽ നിന്ന് ആരെങ്കിലും പ്രോത്സാഹനം നൽകിയോ എന്ന് വ്യക്തമല്ല. (അത്തരം വിദ്യകളിൽ വൈദഗ്ദ്ധ്യമുള്ളവർക്ക് പഞ്ഞമുള്ള പാർട്ടിയല്ലല്ലോ കോൺഗ്രസ്). ഒരർത്ഥത്തിൽ അബിൻ വർക്കിയെ കുറ്റം പറയാനാവില്ല. കാരണം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് 2.2 ലക്ഷം വോട്ടുകളും അബിൻ വർക്കിക്ക് 1.7 ലക്ഷം വോട്ടുകളുമാണ് ലഭിച്ചിരുന്നത്. മറ്റ് രണ്ട് വൈസ് പ്രസിഡന്റുമാരായ അരിതാ ബാബുവിന് 30,000 ഉം ഒ.ജെ. ജനീഷിന് 20,000 വോട്ടുകളും ലഭിച്ചിരുന്നു. സ്വാഭാവികമായും രാഹുൽ മാങ്കൂട്ടത്തിൽ കയ്യിലിരിപ്പിന്റെ ഗുണത്താൽ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ടി വന്നപ്പോൾ തൊട്ടടുത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയ ആളെന്ന നിലയ്ക്ക് വൈസ് പ്രസിഡന്റായ അബിൻ വർക്കി തൽസ്ഥാനത്തേക്ക് വരേണ്ടതാണ്. തീർത്തും ന്യായമായ ഒരാഗ്രഹവും നടപടിക്രമവുമാണ് അത്. പക്ഷെ അദ്ദേഹത്തെ ദേശീയ സെക്രട്ടറിയാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. കേരളത്തെ നെഞ്ചോടു ചേർത്ത് മണ്ണിന്റെ മണമേറ്ര് രാഷ്ട്രീയ പ്രവർത്തനം നടത്തി മാനവസേവയും മാധവസേവയുമൊക്കെ ചെയ്യാൻ തുനിഞ്ഞിറങ്ങിയ അബിൻ വർക്കി തീരുമാനം എങ്ങനെ അംഗീകരിക്കും. ദേശീയ തലത്തിൽ പ്രവർത്തിക്കാൻ, അദ്ദേഹത്തിന്റെ മെയ്ഡ് ഇൻ കേരള മനസിന് തീരെ താത്പര്യമില്ല . 'മുഛേ ഹിന്ദി മാലും നഹി"എന്ന് പറഞ്ഞ് തന്ത്രപൂർവ്വം ഒഴിയാൻ ശ്രമിക്കുന്നതിന് പകരം നേരേ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്ന് മനസിലുള്ളതെല്ലാം അങ്ങു പറഞ്ഞു. ഡൽഹിയിലിരുന്നുകൊണ്ട് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ കെ.സി വേണുഗോപാൽ എന്ന ദേശീയ ജനറൽ സെക്രട്ടറി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അനുഭവ ബോദ്ധ്യമുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി സണ്ണി ജോസഫ് എം.എൽ.എ അബിൻ വർക്കിയെ ഓർമിപ്പിച്ചു. യൂത്തിന്റെ കാര്യത്തിൽ ഇതേ മാതൃക തുടരാമെന്ന ഉദ്ബോധനമായിരുന്നു അത്. രാഹുലും അബിനുമൊക്കെ മത്സരിക്കാനിറങ്ങിയപ്പോൾ, പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം തിരഞ്ഞെടുപ്പിൽ നിന്നു തന്നെ മാറിനിന്ന മറ്റൊരു നേതാവും ഇവിടെയുണ്ടെന്നത് അബിൻ മറന്നുപോയി. എന്തെങ്കിലുമൊരു പദവി ഉണ്ടെങ്കിലേ എനിക്ക് പ്രവർത്തനം വരൂ എന്ന നിലപാട് ശരിയോ എന്നതാണ് പ്രശ്നം. പദവികളില്ലെങ്കിലും പാർട്ടി സേവ നടത്താമെന്നതിന് എത്രയോ ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ അതു കാണണം, കാണാനുള്ള മനസ് വേണം.
ഇതുകൂടി കേൾക്കണേ
പദവികൾ നല്ലതു തന്നെ, പ്രവർത്തനത്തിന് കിട്ടുന്ന അംഗീകാരമാണ്. പക്ഷെ പാർട്ടിയുണ്ടെങ്കിലേ പദവി ഉണ്ടാവൂ. ഒമ്പതര കൊല്ലമായി വരാന്തയിലിരുന്നു തഴമ്പു വന്നിട്ടും പാഠം പഠിക്കുന്നില്ലെങ്കിൽ ആ ഇരിപ്പ് പിന്നെയും നീളും. തഴമ്പ് വളരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |