SignIn
Kerala Kaumudi Online
Friday, 17 October 2025 1.23 AM IST

ക്രീമിലെയർ എന്ന 'ടോർപ്പിഡോ' പ്രാതിനിദ്ധ്യം ഇല്ലാതാക്കും 

Increase Font Size Decrease Font Size Print Page

crimileyer

ക്രീമിലയർ എന്ന വാക്കും സിദ്ധാന്തവും ശക്തമാവുന്നത് ഇന്ത്യയിലെ ഒ.ബി.സി വിഭാഗങ്ങൾക്ക്‌ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഉദ്യോഗ നിയമനങ്ങളിൽ 27 ശതമാനം സംവരണം അനുവദിക്കണമെന്ന മണ്ഡൽ കമ്മിഷൻ ശുപാർശ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടതാണ്. 1980-ൽ സമർപ്പിക്കപ്പെട്ട മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് പത്തുവർഷത്തിനു ശേഷം 1990-ൽ വി.പി. സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് അധികാരം കുത്തകയാക്കി വച്ചിരുന്ന സവർണ സമുദായങ്ങൾ രാജ്യത്തെ പ്രധാന പട്ടണങ്ങൾ കേന്ദ്രീകരിച്ച് കുത്തക മാദ്ധ്യമങ്ങളുടെ സഹായത്തോടെ വലിയ കലാപം അഴിച്ചുവിട്ടു.

തുടർന്ന് ഈ വിഷയം സുപ്രീംകോടതി ഏറ്റെടുത്തു. 16-11-92-ൽ ഈ കേസിലെ ആദ്യ വിധിയുണ്ടായി. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഒ.ബി.സി വിഭാഗത്തിന്‌ കേന്ദ്ര സർക്കാർ സർവീസുകളിൽ ഉണ്ടായിരുന്ന പ്രാതിനിദ്ധ്യം കേവലം 4.69 ശതമാനം മാത്രമായിരുന്നു. 52 ശതമാനം ജനസംഖ്യയുള്ള ഈ വിഭാഗത്തിന് 52 ശതമാനം സംവരണത്തിന് അർഹതയുണ്ടെങ്കിലും സംവരണ തോത് 50 ശതമാനം കവിഞ്ഞാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് കണക്കിലെടുത്താണ് കമ്മിഷൻ സംവരണം 27 ശതമാനത്തിൽ ഒതുക്കിയത്.

ഈ സംവരണം അനുവദിക്കാവുന്നതാണെന്നും,​ അത് ഭരണഘടനാനുസൃതം ആണെന്നും പ്രഖ്യാപിച്ച സുപ്രീം കോടതി സംവരണം അനുവദിക്കുന്നതിൽ ഒരു 'ആപ്പ്" തിരുകിക്കയറ്റി. അതാണ് 'ക്രീമിലെയർ." ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം അനുവദിച്ചാൽ അത് ആ വിഭാഗത്തിലെ ഒരുകൂട്ടം സമ്പന്നർ തട്ടിയെടുക്കുമെന്ന് എൻ.എസ്.എസിനു വേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. അന്നുവരെ സംവരണം അനുവദിച്ചിരുന്നില്ല. അങ്ങനെ തട്ടിയെടുക്കുന്നതിന്റെ ഒരു തെളിവും അഭിഭാഷകൻ ഹാജരാക്കിയില്ല. തെളിവ് ആവശ്യപ്പെടാൻ കോടതിക്കും കഴിഞ്ഞില്ല. എന്നിട്ടും 'ക്രീമിലെയർ" കണ്ടെത്താനും ഒഴിവാക്കാനും സർക്കാരിനോട് നിർദ്ദേശിച്ചു. കോടതി വിധിയെത്തുടർന്ന്‌ കേന്ദ്രസർക്കാർ ജസ്റ്റിസ് (റിട്ട) ആർ.എൻ. പ്രസാദ് ചെയർമാനായ ഉന്നതാധികാര കമ്മിറ്റിയെ 'ക്രീമിലെയർ" നിർണയത്തിന് ചുമതലപ്പെടുത്തി.

അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 8-9-1993-ൽ ക്രീമിലെയർ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചു. ഈ മാനദണ്ഡങ്ങളിൽ ഒരു ഘടകമാണ് വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രീമിലെയർ നിർണയം. ശമ്പളത്തിൽ നിന്നും കൃഷി ഭൂമിയിൽ നിന്നുമുള്ള വരുമാനം ഒഴികെ,​ ഇതര വരുമാനം ഒരുലക്ഷം രൂപയിൽ കവിഞ്ഞാൽ അവർ ക്രീമിലെയർ ആകും. വരുമാനം സ്ഥായിയായി നിലനിൽക്കണമെന്നതും കണക്കിലെടുത്ത് ഈ വരുമാനം തുടർച്ചയായ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇത്തരത്തിലുള്ള വരുമാനം മൂന്നുവർഷത്തിലൊരിക്കൽ രൂപയുടെ മൂല്യത്തിലെ വ്യതിയാനം അനുസരിച്ച് വർദ്ധിപ്പിക്കണമെന്നും ആവശ്യമെന്നു കണ്ടാൽ അതിനു മുമ്പും വർദ്ധിപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

ഒഴിവാക്കുവാൻ

പല തന്ത്രം


എന്നാൽ,​ 1993-ൽ നിശ്ചയിച്ച പരിധി രണ്ടരലക്ഷമായി പുതുക്കിയത് 11 വർഷത്തിനുശേഷം 2004-ൽ മാത്രമാണ്. പിന്നീട് 2008-ൽ നാലര ലക്ഷവും,​ 2013-ൽ ആറുലക്ഷവുമായി ഉയർത്തി. ഇപ്പോൾ നിലവിലുള്ള എട്ടുലക്ഷം എന്ന പരിധി നിശ്ചയിച്ചത് 13-9-2017 ലാണ്. ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അർഹമായ സർട്ടിഫിക്കറ്റ് നൽകുന്നതിൽ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്ത് വലിയ തടസങ്ങൾ സൃഷ്ടിച്ചിരുന്നു. മാനദണ്ഡങ്ങളെ തെറ്റായി വ്യാഖ്യാനിക്കുക, ശമ്പള വരുമാനം കണക്കുകൂട്ടി അർഹതയില്ലെന്ന് പറയുക, സമയത്ത് നൽകാതിരിക്കുക തുടങ്ങി പല വിധത്തിലാണ് തടസങ്ങൾ സൃഷ്ടിച്ചിരുന്നത്.


പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലുംജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഏറെ കഷ്ടപ്പെടുത്തി. സിവിൽ സർവീസ് പരീക്ഷ വിജയിച്ച നിരവധി ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ പേഴ്സണൽ മന്ത്രാലയം അവസരങ്ങൾ നിഷേധിച്ചത്,​ പിന്നീട് കോടതി വഴിയാണ് പലരും പരിഹരിച്ചത്. സർക്കാർ പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർമാർ സ്‌കെയിൽ ഒന്നിലാണ്‌ ജോലിയിൽ പ്രവേശിക്കുന്നത്. സ്‌കെയിൽ വൺ എന്നാൽ ക്ലാസ് വൺ എന്ന് വ്യാഖ്യാനിച്ച് അർഹത നിഷേധിക്കുകയാണ്. 1993-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംവരണത്തിലൂടെയും മറ്റും ബാങ്ക് ഉദ്യോഗസ്ഥരായവരുടെ മക്കൾക്ക് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ ആവശ്യം വന്നപ്പോൾ സർട്ടിഫിക്കറ്റുകൾ നിഷേധിക്കുകയാണ്.


ഇതിനിടയിൽ,​ വരുമാനം കണക്കുകൂട്ടുമ്പോൾ ശമ്പളവും പെൻഷനും കാർഷിക വരുമാനവും അടക്കം മൊത്തം വരുമാനവും കണക്കുകൂട്ടി വരുമാനപരിധി ഉയർത്തുവാൻ ഒരു നീക്കം നടന്നു. ഇരുപതും ഇരുപത്തിയഞ്ചും വർഷത്തെ സർവീസ് പൂർത്തിയാക്കുന്ന പ്രൈമറി സ്‌കൂൾ അദ്ധ്യാപകരെയും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ വരെയും സംവരണത്തിൽ നിന്ന് ഒഴിവാക്കുക എന്ന കുതന്ത്രമായിരുന്നു ഇതിനു പിന്നിൽ. അതിശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാർ അതിൽ നിന്ന് പിന്തിരിഞ്ഞു. പിന്നീട് വരുമാനപരിധി വർദ്ധിപ്പിക്കില്ലെന്ന നിലപാടാണ് സർക്കാർ തുടരുന്നത്. വർദ്ധനവിനുള്ള ആവശ്യം ശക്തമാകുമ്പോൾ ശമ്പളം അടക്കമുള്ള എല്ലാ വരുമാനവും കണക്കുകൂട്ടി ഒരു വർദ്ധനവ് നടത്താമെന്നാണ് ഇവരുടെ ഉള്ളിലിരിപ്പ്. അതോടെ സംവരണം പൂർണമായും തകർക്കപ്പെടും.

രാഷ്ട്രീയത്തിലും

സമുദായത്തിലും

സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതോടെ സംവരണത്തിന്റെ അടിത്തറ ഇളകി. 1993 മുതൽ 27 ശതമാനം സംവരണം 25 വർഷക്കാലം നടപ്പാക്കിയപ്പോൾ ഒ.ബി.സി വിഭാഗത്തിന് ഉയർന്ന തസ്തികകളിൽ ലഭിച്ച പ്രാതിനിദ്ധ്യം പാർലമെന്റിൽ അവതരിപ്പിച്ച കണക്ക് പ്രകാരം 13 ശതമാനത്തിൽ താഴെയാണ്. വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരമുണ്ടെന്ന് അവകാശപ്പെടുന്നകേരളത്തിൽപ്പോലും പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ പല പ്രൊഫഷണൽ തസ്തികകളിലും അവസരം ലഭിക്കാത്ത സാഹചര്യം പി.എസി.സിയുടെ എൻ.സി.എ വിജ്ഞാപനത്തിലൂടെ തെളിയുന്നു. പ്രശ്നങ്ങൾ ഇത്രത്തോളം ഗുരുതരമായിട്ടും ഈ വിഷയത്തിൽ ഇടപെടുവാൻ രാഷ്ട്രീയപ്പാർട്ടികൾ തയ്യാറാകുന്നില്ല. നിർഭാഗ്യവശാൽ പല പിന്നാക്ക സമുദായ സംഘടനകളും സംവരണം അവരുടെ മുഖ്യ അജണ്ട അല്ലാതാക്കി മാറ്റിക്കഴിഞ്ഞു.

രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം ഇപ്പോഴും സവർണ സമുദായങ്ങളുടെ നിയന്ത്രണത്തിലാണ്. അതാണ് അവർ ഈ വിഷയത്തിൽ ഇടപെടാത്തതിനു കാരണം. പിന്നാക്ക സമുദായ സംഘടനകളിൽ പലതിന്റെയും നേതൃത്വം ആ സമുദായങ്ങളിലെ 'ക്രീമിലെയർ" കയ്യടക്കിയിരിക്കുന്നതു കൊണ്ടുതന്നെ സംവരണം അവർക്കും ആവശ്യമില്ലാത്ത വിഷയമായി മാറി. ക്രീമിലെയർ സിദ്ധാന്തം തന്നെ ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും സമുദായ സംഘടനകളുടെ തലപ്പത്തുള്ള ക്രീമിലെയർ നേതാക്കളുടെ നിലപാടുകൾ കാണുമ്പോൾ പിന്നാക്ക സമുദായ സംഘടനകളുടെ നേതൃപദവികളിൽ നിന്ന് ക്രീമിലെയർ വിഭാഗത്തെ ഒഴിവാക്കണമെന്ന ആവശ്യം സാധാരണ സമുദായ അംഗങ്ങൾ ശക്തമായി ഉയർത്തേണ്ട സാഹചര്യമാണുള്ളത്.

ക്രീമിലെയർ വ്യവസ്ഥ ഏർപ്പെടുത്തുമ്പോൾ സുപ്രീംകോടതി പറഞ്ഞത്,​ ക്രീമിലെയർ സ്ഥിതിയിലെത്തുന്ന വ്യക്തികൾ ആ സമുദായവുമായി ഒരുതരത്തിലും യോജിക്കുന്നവരല്ല എന്നാണ്. അത്തരക്കാർ സമുദായവുമായുള്ള ബന്ധം മുറിച്ചുമാറ്റപ്പെട്ടവരാണെന്നാണ് വിശദീകരിച്ചിട്ടുള്ളത്. പ്രാതിനിദ്ധ്യവും സമത്വവും ഉറപ്പാക്കുന്നതിന് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ള സംവരണം 'ടോർപ്പിഡോ" ചെയ്യപ്പെടുന്ന സാഹചര്യം മറികടക്കാൻ പിന്നാക്ക സമുദായ അംഗങ്ങൾ ഇനിയും വൈകാതെ ശക്തി സമാഹരിക്കുകയാണ് വേണ്ടത്.

(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറാണ് ലേഖകൻ. ഫോൺ: 94472 75809)​

TAGS: CRIMILEYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.