വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ചുള്ള വ്യവസായ, അടിസ്ഥാനസൗകര്യ സംരംഭങ്ങൾ ഒരുക്കുന്നതിനായി കേരളം ഇനിയും വേണ്ടവിധമുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. എന്നാൽ വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ മുൻകൂട്ടി കണ്ട് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട് കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ സ്റ്റോറേജ് സൗകര്യവും ലോജിസ്റ്റിക് പാർക്കുകളും മറ്റും ഒരുക്കുന്നതിന് വൻതോതിൽ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കാരോട് വരെയുള്ള ഹൈവേ കന്യാകുമാരിയിലേക്കു നീളാൻ ഇനി അധികകാലം വേണ്ടിവരില്ല. അതിനാൽ വിഴിഞ്ഞത്തു നിന്ന് ചരക്കുകളുമായി ലോറികൾക്ക് മണിക്കൂറുകൾക്കുള്ളിൽ തമിഴ്‌നാട്ടിലെ ലോജിസ്റ്റിക് പാർക്കുകളിൽ എത്താനാകും. ഗോഡൗണുകൾ, കണ്ടെയ്‌നർ റിപ്പയറിംഗ് യാർഡുകൾ തുടങ്ങിയവ അവർ ഒരുക്കുന്നുണ്ട്. അവർ ഏറെ മുന്നോട്ടു പോയാൽ നമ്മുടെ സംസ്ഥാനത്തിന് ലഭിക്കേണ്ട വൻ വരുമാന സാദ്ധ്യതയാകും തടയപ്പെടുക.
അതിനാൽ കേരളം ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഭൂമി അടിയന്തരമായി കണ്ടെത്തി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ തുടങ്ങേണ്ടതാണ്. ഇതിനായി തോട്ടം ഭൂമി ഏറ്റെടുത്താൽ വ്യവസായ വികസനം അതിവേഗം സാദ്ധ്യമാകുമെന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ 'കേരളകൗമുദി"ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. വിഴിഞ്ഞത്തിന് അനുബന്ധമായി രൂപപ്പെടുന്ന വ്യവസായ വികസനം വളരെ വലുതാണെന്നും, വിഴിഞ്ഞത്തിന്റെ വികസനം കേരളം മുഴുവൻ വ്യാപിപ്പിക്കാൻ കരുത്തുള്ളതുമാണെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. തോട്ടം ഭൂമി വ്യവസായ വികസനത്തിന് ഉപയോഗിക്കുന്നതിന് നിലവിലെ നിയമം തടസമാണ്. വർഷങ്ങൾക്കു മുമ്പ് കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം അതിനാൽ കാലോചിതമായി പരിഷ്‌കരിക്കാൻ സർക്കാർ തയ്യാറാകണം.
നിലവിലുള്ള നിയമപ്രകാരം തോട്ടം ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. റബറിന്റെ വില കുറഞ്ഞതോടെയും സംസ്ഥാനത്തെ ജനസംഖ്യ ഉയർന്നതോടെയും തോട്ടം ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് മാറിയ സാഹചര്യത്തിൽ തെറ്റായ കാര്യമല്ല. ഇത്തരം ഭൂമി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാനുള്ള നിയമ ഭേദഗതി കൊണ്ടുവരാനുള്ള നടപടികൾ സർക്കാർ ആരംഭിക്കണം. തുറമുഖ, നഗര മേഖലകളിൽ ഭൂമിക്ക് വലിയ വിലയായതിനാൽ വൻതോതിലുള്ള നിക്ഷേപകരുടെ വരവിന് അത് തടസമാകും. അതിനാൽ നഗരത്തിൽ നിന്ന് മാറി ഗ്രാമപ്രദേശങ്ങളിലുള്ള തോട്ടംഭൂമി ഇതിനായി വിനിയോഗിക്കുന്നതിനാവണം സർക്കാർ ശ്രദ്ധപതിപ്പിക്കേണ്ടത്. കിൻഫ്രയ്ക്ക് ഇതുവരെ 300 ഏക്കർ ഭൂമിയേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. ഇത് അപര്യാപ്തമാണ്. തുറമുഖത്തിന് 50 കിലോമീറ്റർ ചുറ്റളവിൽ 10,000 ഏക്കർ സ്ഥലം ഏറ്റെടുത്ത് സ്വകാര്യ സംരംഭകർക്ക് കൈമാറുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കാനുള്ള ഒരു ശ്രമങ്ങളും ഇനിയും തുടങ്ങിയിട്ടില്ല.
ഭൂമിയില്ലാത്തതാണ് വെല്ലുവിളി എന്ന് പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല; ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം വരുത്തി ഇതിനാവശ്യമായ ഭൂമി കണ്ടെത്തി കൈമാറാനുള്ള നടപടികളാണ് സംസ്ഥാനത്തിന്റെ താത്‌പര്യം മുൻനിറുത്തി സർക്കാർ ചെയ്യേണ്ടത്. വ്യവസായ സംരംഭകർക്ക് ഭൂമി പാട്ടത്തിനു നൽകിയാൽ അവിടെ നിക്ഷേപത്തിന് ഒരു കുറവും ഉണ്ടാകില്ല. ഇതിലൂടെ ഉയർന്നുവരുന്ന സംരംഭങ്ങളിൽ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് നിരവധി തൊഴിലവസരങ്ങളും ഉയർന്നുവരും. വൻകിടക്കാരുടെ, രേഖകളില്ലാത്ത അഞ്ച് ലക്ഷത്തിലേറെ ഏക്കർ തോട്ടം ഭൂമി ഏറ്റെടുത്ത് സർക്കാരിന് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് സെക്രട്ടറിതല സമിതിയുടെ ശുപാർശയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും നിയമ നിർമ്മാണവുമായി സർക്കാരിന് മുന്നോട്ടു പോകാനാകും. വേണ്ടത് വേണ്ട സമയത്ത് ചെയ്യാനുള്ള വിവേകമാണ് സർക്കാർ കാണിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |