കൊച്ചി: വിദ്യാർത്ഥികളെ ആജീവനാന്ത വൈകല്യമുള്ളവർ എന്നു മുദ്രകുത്താനുള്ള സമഗ്ര ശിക്ഷാ കേരളത്തിന്റെ തലതിരിഞ്ഞ നീക്കം സർക്കാർ തിരുത്തി. ഉത്തരവ് റദ്ദാക്കി പുതിയ അപേക്ഷ ഫോമും സമ്മതപത്രവും പുറത്തിറക്കി. കേരളകൗമുദി വാർത്തയാണ് പഠന വൈകല്യം നേരിടുന്ന ഒട്ടേറെ കുട്ടികൾക്ക് തുണയായത്.
പഠന വൈകല്യമുള്ള കുട്ടികൾക്ക് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതു പരീക്ഷയ്ക്ക് സഹായം കിട്ടാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ സമ്മതപത്രത്തിൽ ആജീവനാന്ത വൈകല്യമുള്ളവരെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും ഒപ്പിട്ട് നൽകണമെന്നായരുന്നു കഴിഞ്ഞ ദിവസം സമഗ്ര ശിക്ഷാ കേരളം ജില്ലാ കോ-ഓർഡിനേറ്റർമാർ ഇറക്കിയ ഉത്തരവ്. സർട്ടിഫിക്കറ്റ് ആധാറുമായി ലിങ്കു ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇത് കടുത്ത ദ്രോഹമാണെന്ന് കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു. സ്ഥിരം വൈകല്യമെന്ന് സർട്ടിഫൈ ചെയ്താൽ ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസ്, ജോലി എന്നിവയെയെല്ലാം ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
ജില്ലാ കോ-ഓർഡിനേറ്റർമാരുടെ ഉത്തരവ് തങ്ങളുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കിയല്ലെന്നാണ് സമഗ്ര ശിക്ഷാ കേരളം സംസ്ഥാന ഓഫീസിന്റെ ന്യായീകരണം.
ഒഴിവാക്കിയ ഭാഗം
'ഈ കുട്ടികളുടെ ഐ.ക്യു., എസ്.ക്യു എന്നിവയുടെ അസസ്‌മെന്റ് നടത്തി ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ അത് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നെന്നും, ആയത് ആജീവനാന്തമാണെന്ന കാര്യവും രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു."
സംസ്ഥാന തലത്തിൽ നിർദ്ദേശിക്കാത്ത കാര്യം എങ്ങനെ ഉത്തരവായി വന്നെന്ന് പരിശോധിക്കും
ഡോ.എ.ആർ. സുപ്രിയ,
സംസ്ഥാന ഡയറക്ടർ,സമഗ്ര ശിക്ഷാ കേരളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |