കൊച്ചി.പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിന് പിന്നിൽ മതവർഗീയവാദികളുടെ ആസൂത്രിതമായ ശ്രമമാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.മോദി സർക്കാർ
ക്രൈസ്തവർക്കും,അവരുടെ സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിലെ പെരുമാറ്റച്ചട്ടവും യൂണിഫോം വ്യവസ്ഥകളും പാലിക്കാൻ വിദ്യാർത്ഥികൾക്ക് ബാദ്ധ്യതയുണ്ട്. കേരള ഹൈക്കോടതി വിധികളും സ്കൂളുകൾക്ക് അനുകൂലമാണ്. മതം പറയുന്ന വേഷം നിർബന്ധമാണെങ്കിൽ അതനുവദിക്കുന്ന സ്കൂളിലേക്ക് പോകണം. നിരവധി മുസ്ലിം കുട്ടികൾ ഹിജാബ് ധരിക്കാതെ പഠിക്കുന്ന, കന്യാസ്ത്രീകൾ നടത്തുന്ന സെന്റ് റീത്താസിനെ തീവ്രവാദ സംഘടനകൾ ലക്ഷ്യം വച്ചത് വെറുതേയല്ല. കഴിഞ്ഞ വർഷം മൂവാറ്റുപുഴയിലെ കന്യാസ്ത്രീകൾ നടത്തുന്ന സ്കൂളിൽ നിസ്കാര മുറി വേണമെന്ന് വാശി പിടിച്ച രണ്ട് വിദ്യാർത്ഥിനികൾക്ക് പിന്നിലും ഇതേ കൂട്ടരാണ്. ഇവരാണ് സ്കൂളുകളിൽ സ്കൂബാ ഡാൻസിനെതിരെയും രംഗത്തുവന്നത്. കേരളത്തിൽ താലിബാനിസം നടപ്പാക്കാനാണ് ഇവർ ശ്രമിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഇതിന് കുട പിടിക്കുന്നത് ശരിയല്ല.
മതനിരപേക്ഷതയും,മതേതരത്വവും ഉയർത്തി പിടിക്കുന്ന കേരളീയ സമൂഹത്തിൽ വെറുപ്പിന്റെ ചിന്താധാര പടർത്തുവാനും അതുവഴി മതവിഷലിപ്തമായ രാഷ്ട്രം സ്ഥാപിക്കുവാനും ശ്രമിക്കുന്ന ഗൂഢ ശക്തികളാണ് പള്ളുരുത്തിയിലെ പള്ളിക്കൂടത്തിൽ കടന്നു കയറിയത്. ഒരു മതേതര ജനാധിപത്യ നാട്ടിൽ മത ശാഠ്യങ്ങൾകൊണ്ട് ജനത്തെ ശല്യപ്പെടുത്തുന്നവരെ അകറ്റി നിറുത്തണം. ബാല്യം മുതലേ കുഞ്ഞുങ്ങളിൽ തീവ്ര മതവികാരം കുത്തി നിറയ്ക്കുന്ന ഇത്തരം ദൗർഭാഗ്യകരമായ പ്രകടനങ്ങൾ നിയന്ത്രിക്കാൻ ഭരണകൂടങ്ങളും നീതിന്യായ വ്യവസ്ഥകളും ജാഗ്രത പുലർത്തണമെന്നും തുഷാർ വെള്ളാപ്പള്ളി പ്രസ്താവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |