കോട്ടയം: ആറന്മുള അഷ്ടമി രോഹണി വള്ളസദ്യയിൽ താൻ ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ കേരളകൗമുദിയോട് പറഞ്ഞു. 'മേൽശാന്തി ദേവന് നിവേദിച്ച ശേഷമാണ് താൻ കഴിച്ചത്. എടുത്തു കഴിച്ചതല്ല. പള്ളിയോട സേവാസംഘം ഭാരവാഹികൾ വിളമ്പിത്തന്നതാണ്. മന്ത്രി പി.പ്രസാദ്, സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം , ജില്ല പഞ്ചായത്തു പ്രസിഡന്റ് ജോർജ്എബ്രഹാം എന്നിവർക്കു പുറമേ ബി.ജെ.പി നേതാക്കളായ എം.വി. കൃഷ്ണകുമാർ, വി.കൃഷ്ണകുമാർ അടക്കം നിരവധി പ്രമുഖർ സദ്യ കഴിച്ചിരുന്നു.
'രാവിലെ പത്തരയോടെ ആറന്മുള ക്ഷേത്രത്തിൽ എത്തി. ചടങ്ങു തുടങ്ങാൻ വൈകിയതോടെ അല്പനേരം വിശ്രമിച്ചു. 11 മണിയോടെ കൊടിമരച്ചുവട്ടിൽ എത്തി. 11.5 ന് വിഭവങ്ങൾ വിളമ്പി വള്ളസദ്യ ഉദ്ഘാടനം ചെയ്തു. തുടർന്ന് മേൽ ശാന്തി ശ്രീകോവിലിനുള്ളിൽ സദ്യ നേദിച്ചു.11.20ന് ചടങ്ങുകൾ പൂർത്തിയായി. പള്ളിയോടങ്ങൾ തുഴഞ്ഞെത്തിയ കരക്കാരെ സ്വീകരിച്ചശേഷം 11.45 നാണ് സദ്യയുണ്ണാനിരുന്നത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്റെയും മറ്റു കമ്മിറ്റിയംഗങ്ങളുടെയും നിർദ്ദേശപ്രകാരമാണ് ഓരോ ചടങ്ങിലും പങ്കെടുത്തത്. ഭഗവാന് നേദിക്കും മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്നത് ആഗോള അയ്യപ്പസംഗമ, സ്വർണപ്പാളി വിവാദങ്ങൾക്കു ശേഷം സർക്കാരിനെതിരെ മറ്റൊരു വിവാദം ഉണ്ടാക്കാനുള്ള ബി.ജെ.പി സംഘ പരിവാർ ഗൂഢനീക്കമായാണ് കാണുന്നത്. ഒരു ആചാരലംഘനവും നടക്കാത്ത സാഹചര്യത്തിൽ പ്രായശ്ചിത്തം വേണമെന്ന വാദത്തിന് പ്രസക്തിയില്ല. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തതോടെ ഹൈന്ദവ വിശ്വാസികളെ ഇടതു മുന്നണിക്കെതിരെ തിരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് പുതിയ വിവാദമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആസൂത്രിതമായ കുബുദ്ധി
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം തന്ത്രിയുടെ ആരോപണം ആസൂത്രിതമായ കുബുദ്ധിയാണെന്ന് മന്ത്രി വി. എൻ. വാസവൻ ആരോപിച്ചു. കടവിൽ പോയി പള്ളിയോടങ്ങളെ സ്വീകരിച്ച് മടങ്ങാനൊരുങ്ങുമ്പോൾ ചടങ്ങ് പൂർത്തിയാകണമെങ്കിൽ ഉൗട്ടുപുരയിൽ പോയി അവരോടൊപ്പം ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞത് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവനാണ്. അദ്ദേഹമാണ് ഭക്ഷണം വിളമ്പിയത്.
പള്ളിയോട സേവാസംഘത്തിന് എതിരെ ഉപദേശക സമിതി
ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ദേവന് നേദിക്കുംമുമ്പ് മന്ത്രിക്ക് വള്ളസദ്യ വിളമ്പിയതുമായി ബന്ധപ്പെട്ട ആചാര ലംഘനത്തിന്റെ ഉത്തരവാദികൾ പള്ളിയോട സേവാസംഘമാണെന്ന് ക്ഷേത്രം ഉപദേശകസമിതി ആരോപിച്ചു. തന്ത്രി നിർദ്ദേശിച്ച പ്രായശ്ചിത്തം ചെയ്യാൻ പള്ളിയോട സേവാസംഘം തയ്യാറാകണം. പ്രായശ്ചിത്തം വൃശ്ചികം ഒന്നിനുമുമ്പ് നടത്തണം.
ക്ഷേത്രത്തിൽ കളഭാഭിഷേകത്തിനുശേഷം ഉച്ചപൂജയ്ക്ക് നിവേദ്യം സമർപ്പിക്കുന്നത് രാവിലെ 11.15നും 11.45നും ഇടയിലാണ്. അതിനുമുമ്പ് 10.45ന് വള്ളസദ്യ നടത്തിയതിനെ അന്നുതന്നെ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തിൽ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിനോട് അഭിപ്രായം ചോദിച്ചിരുന്നു. ദേവസ്വം ബോർഡ് അഭിപ്രായം ചോദിച്ചാൽ മറുപടി നൽകാമെന്ന് തന്ത്രി പറഞ്ഞു. സമിതിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് തന്ത്രിയോട് അഭിപ്രായം ചോദിച്ചതെന്ന് പ്രസിഡന്റ് വിജയൻ നടമംഗലത്തും സെക്രട്ടറി ശശി കണ്ണങ്കേരിലും പറഞ്ഞു. മുമ്പും വി. ഐ.പികൾക്കു വേണ്ടി വള്ളസദ്യ നേരത്തേ വിളമ്പിയിട്ടുണ്ടെന്നാണ് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്റെ നിലപാട്.
''വള്ളസദ്യ നടത്തി 31ദിവസം കഴിഞ്ഞ് വിവാദം ഉണ്ടായതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ട്.
-മന്ത്രി വി.എൻ. വാസവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |