ന്യൂഡൽഹി: ബംഗാളിലെ ദുർഗാപൂരിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തിൽ അതിജീവിതയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും പെൺകുട്ടി പഠിക്കുന്ന മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയാണ്. കേസിൽ നേരത്തെ അഞ്ചുപേർ അറസ്റ്റിലായിരുന്നു.
സംഭവം നടന്ന ദിവസം രാത്രി ഈ സുഹൃത്തിനൊപ്പമായിരുന്നു പെൺകുട്ടി കോളേജിന് പുറത്തിറങ്ങിയത്. കോളേജ് ഗേറ്റിനടുത്ത് വച്ച് ഒരു സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി. അക്രമികളെ കണ്ട സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടക്കം മുതലേ ഈ സുഹൃത്ത് സംശയനിഴലിലായിരുന്നുവെന്നും മൂന്ന് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ദുർഗാപൂർ പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. നേരത്തെ അറസ്റ്റിലായ അഞ്ചുപേർക്കുമെതിരെ ചുമത്തിയ കൂട്ടമാനഭംഗം,ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെയും ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |